Saturday, January 30, 2010

നീലിസാലിയിലെ പാട്ട്

എനിക്ക് എന്‍റെ തന്നെ വെല്‍ക്കം ബാക് !!!


ഒരു കാര്യം ചോദിച്ചോട്ടെ, ആരെയെങ്കിലും കൈയില്‍ നീലിസാലി എന്ന സിനിമയിലെ പാട്ടുകള്‍ ഉണ്ടോ? പ്രത്യേകിച്ച് നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ തിരിവെക്കാന്‍ എന്ന പാട്ട്?


പിന്നെ എന്‍റെ കാര്യം....ഞാനിപ്പോ നാട്ടില്‍ തന്നെ, എന്നുവെച്ചാല്‍ നാട്ടില്‍ തന്നെ. ഒരാശുപത്രിയില്‍ ജോലിചെയ്യുന്നു. ആശുപത്രിക്കഥകളൊക്കെ ധാരാളമുണ്ട്. എല്ലാരോടും ഒന്ന് പറഞ്ഞാലെന്താ എന്ന് ആലോചിക്കാറുമുണ്ട്. സമയം മാത്രം ഇല്ല- എന്നല്ല- കുറവാണ്. അല്ലെങ്കില്‍ ക്ണ്ടെത്താന്‍ കഴിയുന്നില്ല. എഴുത്തുകളൊക്കെ ഡ്രാഫ്റ്റായി മാത്രം കിടക്കുന്നു.
കെട്ടി- ഒരു കുട്ടിയായി കുട്ടിക്ക് രണ്ട് മാസം പ്രായവുമായി.
പഴയവരൊക്കെ അവിടെത്തന്നെയില്ലേ?
ബോണസായി എന്‍റെ കുഞ്ഞിന്‍റെ പടം :

അപ്പൊ പാട്ടിന്‍റെ കാര്യം................

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്:

http://www.malayalasangeetham.info/mmdb/4779.html

Thursday, February 21, 2008

രാത്രി

നീല നിറമുള്ള ഒരുപാടേറെ
രാത്രികളെ ഞാനറിയും.
ചിലപ്പോളവയില്‍
മഞ്ഞു പെയ്യുന്നുണ്ടാകും-
വെറുതെ ഞാന്‍
നിങ്ങളെ നോക്കി നില്‍ക്കും.
ചിലപ്പോള്‍ മഴപെയ്യും-
കുടയെടുക്കാന്‍ മിനക്കിടാതെ ഞാന്‍
നിങ്ങളിലേക്കിറങ്ങി നടക്കും.
പഴുത്തിലയും വീണ്
കഴിഞ്ഞാല്‍ ഒരുപക്ഷേ
നിങ്ങളെന്റെ മുന്നില്‍
തെളിഞ്ഞ് തന്നെ വന്നേക്കാം -
ഓര്‍ക്കുക- നിങ്ങളെ
ഞാന്‍ കളങ്കപ്പെടുത്തിയേക്കാം.

ചുകന്ന രാത്രികളില്‍
നിന്നും ഞാനോടിയൊളിക്കാറുണ്ട്
എന്നാലും രാത്രികളേ,
എനിക്ക് നിങ്ങളെ
ഒരുപാടിഷ്ടമാണ്।

Labels:

Wednesday, July 25, 2007

ഛിദ്രം

ഒന്നാമത്തേയും രണ്ടാമത്തേയും പ്രണയങ്ങള്‍ അതിദാരുണമായി കരിന്തിരി കത്തിയെരിഞ്ഞമര്‍ന്ന ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത്,കൃത്യമായിപ്പറഞ്ഞാല്‍ ഇടത്തേകൈയില്‍ മുന്‍കൈയും കൈയും ചേരുന്നിടത്തില്‍ മാര്‍ദ്ദവമേറിയ, സൃഷ്ടാവ് പേശികള്‍ പിടിപ്പിക്കാന്‍ മറന്ന് പോയ, ഏതാനും ധമനികളുടെ കവലയില്‍ ആദ്യത്തെ കത്തി സ്പര്‍ശമേല്‍ക്കുന്നതിനും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മൂന്നാമത്തെ പ്രണയം സംഭവിക്കപ്പെടുന്നത്.

വിളിക്കപ്പെടാത്ത, ഏത് നിമിഷവും ഒരു വിദേശരാജ്യത്തിലെ മദാമ്മയുടെ വെളുത്തതൊലിപ്പുറത്തലിഞ്ഞില്ലേതായേക്കാവുന്ന മുന്‍ കാമുകന്‍റെ വൈരാഹ്യത്തില്‍ തളര്‍ന്നിരിക്കുകയായിരുന്നു അവള്‍. അവന്‍റെ മടിയില്‍ വിശ്രമിക്കുന്ന ശിരസ്സിലെ തലോടലവളാസ്വദിക്കുന്നുണ്ടെങ്കിലും മനസ്സിപ്പോഴും ആദ്യപ്രണയത്തിന്‍റെ,എല്ലാ രോമകൂപങ്ങളും ശ്വസിക്കുന്നുണ്ടെന്നറിഞ്ഞ ആ അടച്ചിട്ട മുറിയിലെ രാത്രിയിലായിരുന്നെന്ന് വിദൂരദകളിലേക്ക് നീട്ടിവെച്ച അവളുടെ കണ്ണുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതെല്ലാം കാണുകയും അറിയുകയും ചെയ്യാനുള്ള ബുദ്ധിസാമര്‍ഥ്യമുണ്ടെങ്കെലും അതിന്‍റെ ധൃണതകളെയൊക്കെ തരണം ചെയ്യാന്‍ മാത്രം പ്രണയമെന്ന രോഗം അവനെ കടന്ന് പിടിച്ചിരുന്നതായി പില്‍കാലത്ത് അവള്‍ വെളിപ്പെടുത്തുകയുണ്ടായി.

പൊടുന്നനെ ചില അസംസ്കൃതവാക്കുകളുടെ അകമ്പടിയോടെ വന്ന മുന്‍കാമുകന്‍റെ ഫോണ്‍ കോള്‍ അത് വരെ ആ മനസ്സുകള്‍ക്കിടയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കുള്ള ഉത്തരമാണ്.

അങ്ങേത്തലയില്‍ നിന്നും വന്ന പഴുത്താലും പുളിക്കുന്ന വാക്കുകള്‍ കേട്ട ശേഷം അവന്‍റെ മടിയില്‍ നിന്നെഴുന്നേറ്റ്, ഒന്ന് മൂരി നിവര്‍ന്ന്, കണ്ണുകളിലേക്ക് ഒരേയൊരു നിമിഷമെങ്കിലും നോക്കി നില്‍ക്കാന്‍ മിനക്കെടാതെ അവന്‍റെ മേല്‍ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുകയും ‘ഐ‘ -‘ലവ്’- ‘യു’ എന്നിങ്ങനെ മൂന്ന് വാക്കുകളില്‍ തന്‍റെ ഉള്ളിലെ എന്തെന്നറിയാത്ത(അത് പ്രണയമായിരുന്നില്ലെന്നുറപ്പ്) വികാരം അവനില്‍ നിക്ഷേപിക്കുകയുമാണ് സംഭവിച്ചത്.

അവളുടെ കണ്ണുകള്‍ വിളറി ലാസ്യമായിരുന്നു. ഇടക്കിടെ ഓക്കാനവുമുണ്ടായിരുന്നു.

“ഇലിയാ..നിന്‍റെ സ്നേഹം നീ എന്നില്‍ നിറക്കുക”

ഇത്രയും വാക്കുകളിലൂടെ അവള്‍ അവസാനത്തെ പ്രതിരോധവും ഇലിയക്കുമുന്നില്‍ അടിയറവെച്ചു.

“ഇലിയാ, നീയെന്നെ സ്നേഹിക്കുക. “

ഇലിയ- ഒരു മാന്ത്രികന്‍ . അവന്‍റെ കണ്ണുകളില്‍ കാന്തങ്ങളും കൈകള്‍ കാന്തത്തരികളുമുണ്ടെന്നവള്‍ വിശ്വസിച്ചു. അവന്‍റെ കൈകള്‍ അടിവയറ്റില്‍ പതിയുമ്പോള്‍ മേല്‍ വയറില്‍ നിന്നുയരുന്ന വേദനകളെല്ലാം ഒരു നിശ്വാസത്തോടൊപ്പം വിസര്‍ജ്ജിക്കപ്പെട്ടു.കവിളുകളില്‍ നിന്നും തുടങ്ങുന്ന സ്പര്‍ശം മാറിടങ്ങളെത്തും മുമ്പേ ദുഷ്ചിന്തകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു.അവളുടെ ഓരോ നാഡിമിടിപ്പികളുടേയും എണ്ണമെടുക്കുന്നവന്‍.

അവളുടെ ഉള്ളില്‍ വളരുന്ന ജീവനെ ചുരണ്ടിയെടുക്കാന്‍ മാത്രം ത്രാണി അവനില്‍ അവശേഷിപ്പില്ലെന്നറിഞ്ഞിട്ടും എന്തിനാണവള്‍ അവിടെത്തന്നെ വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മുന്‍ കൂട്ടി നിശ്ചയിക്കപ്പെടാത്ത സമയത്തോ സാഹചര്യത്തിലോ രണ്ട്പേര്‍ കണ്ട്മുട്ടുമ്പോളാണോ മഹാനഗരങ്ങളില്‍ ആകസ്മികത സംഭവിക്കപ്പെടുന്നത്?

ഇലിയാ... എന്നില്‍ നിന്നും ഈ വൃത്തികെട്ട കുരുപ്പിനെ ഒഴിവാക്കിത്തരൂ....

എന്നാലും , ഈ അസമയത്ത്? പാതി അവന്‍റെയെന്നാലും പാതി നിന്‍റേതു തന്നല്ലേ?

വൃത്തിഹീനമെന്ന് കരുതുന്ന ചുറ്റുപാടുകളില്‍ വീണ്ടും വീണ്ടും കൈകള്‍ കഴുകുക എന്നത് നമ്മള്‍ നമ്മെ തന്നെ വഞ്ചിക്കാനുപയോഗിക്കുന്ന ഏറ്റവും ലളിതമായ പദ്ധതികളിലൊന്നല്ലോ। കൈകളുടെ വിശുദ്ധി പരിസരത്തെ ശുദ്ധീകരിക്കയില്ലെന്നറിഞ്ഞാലും നമ്മള്‍ കൈകള്‍ കഴുകിക്കൊണ്ടേയിരിക്കും। ഐസോ പ്രൊപയില്‍ സൊല്യൂഷനില്‍ കൈകള്‍ കഴുകി ഇലിയ ‘സ്റ്റെറിലൈസെഡ്‘ എന്നുറപ്പാക്കൈയ കൈയുറകള്‍ ധരിച്ചു.

വരിക. ഈ ഇരുമ്പുമേശയില്‍ നിന്‍റെ കാലുകളകറ്റി വെക്കുക.....നീല ഒറ്റ കുപ്പായത്തില്‍ ആ രാത്രികളേക്കാള്‍ നീ സുന്ദരിയായി തോന്നുന്നു.തീര്‍ത്തും വിശുദ്ധയായ മറിയ തന്നെ നീ..

"ഇല്ല, മറിയാ, എനിക്കതിനാവില്ല. "

മറിയക്കറിയാം,എവിടെ തൊട്ടാല്‍ അവനുരുകുമെന്ന്.

"ഇലിയാ....പ്ലീസ്, എനിക്കറിയാം, നിന്നെ കുറിച്ചോളം അതികഠിനമാവുമിത്, എങ്കിലും ഇലിയാ,ഈ വൃത്തികെട്ട കുരുപ്പില്‍ നിന്നുമെനിക്ക് പാപമോക്ഷം നല്‍കാന്‍ മാത്രം കാരുണ്യം നിന്‍റെയീ കാന്ത കൈകളിലല്ലാതെ എവിടെയുണ്ട്? "

മനസില്ലാ മനസോടേ അവന്‍ കാനുലയും ക്യൂരെറ്റും(1) കൈയിലെടുത്തു. ളോഹയെന്ന പോലെ വൈറ്റ് കോട്ടുമിട്ട്, വിശുദ്ധവും പ്രാര്‍ഥനാപരവുമായ ഒരു അനുഷ്ടാനത്തില്‍ പങ്കെടുക്കുന്നത്രയും നിര്‍വ്വികാരമായി, ഉള്ളിലെ നനഞ്ഞ ചൂടില്‍ അതിസുരക്ഷിതം എന്നു കരുതിയുറങ്ങുന്ന ജീവനെ ഒന്നു തൊട്ട് നോക്കി. പിന്നെ കൃത്രിമമായ ഒരു സൌമ്യതയോടെ അതിന്‍റെ വേദന അവളറിയരുതെന്ന വാശിയുമായി പതുക്കെ ചുരണ്ടിയെടുക്കാന്‍ തുടങ്ങി. തുടുത്ത ചോരക്കഷണങ്ങള്‍ക്ക് പോലും വേദനിക്കരുതെന്ന് കരുതി , കരുതലോടെ .....

പൊടുന്നനെയായിരുന്നു ക്യൂരെറ്റില്‍ ഒരു കൊച്ചു കൈപത്തി പറ്റിപ്പിടിച്ച് വന്നത്. യാത്ര പറയുന്ന പോലെ ആ കൈപത്തികള്‍ ഇലിയക്ക് നേരെ ഒരു പ്രത്യേക താളത്തില്‍ കൈകളാട്ടി. ഉള്ളില്‍ നിന്നും തികട്ടിവന്ന നിലവിളി പൂര്‍വ്വകാല രാത്രികളുടെ അന്ധകാരതയില്‍ തട്ടി പ്രതിധ്വനിച്ച് തിരിച്ച് വന്ന്, പുറത്തേക്കൊഴുകാന്‍ കഴിയാത്ത അസ്വസ്ഥതയില്‍ ഉള്ളില്‍ തന്നെ മരിച്ചു. മരിക്കും മുന്നേ അതുയര്‍ത്തിയ ആന്ദോളനങ്ങളില്‍ നിന്ന് ഊര്‍ജ്ജം കടമെടുത്ത്, വേദനകളെ മറന്ന് ഭ്രാന്തമായ ഒരു ചടുലതയോടെ അവനെല്ലാം ചുരണ്ടിയെടുത്തു.

സക്ഷന്‍ അപ്പാരറ്റസിന്‍റെ സുതാര്യമായ കുഴലുകളിലൂടെ ചോരയില്‍ കുതിര്‍ന്ന മാംസക്കഷണങ്ങള്‍ ആദ്യരോദനം പോലെ കലപില കൂട്ടി കടന്നുപോയി.

മരിയ- ഒബ്സര്‍വേഷന്‍ ടേബിളില്‍ ആശ്വസത്തിന്‍റെ ലഹരിയില്‍ പാതിമയക്കത്തില്‍ കിടന്നു.

ഇലിയ നേരെചെന്ന് ക്യാബിനു മുന്നില്‍ ഡു നോട് ഡിസ്റ്റര്‍ബ് എന്ന സ്റ്റിക്കറൊട്ടിച്ചു. ജനലുകള്‍ക്ക് പുറകില്‍ ആര്‍ത്ത് പെയ്യുന്ന മഴയില്‍ തുള്ളിക്കളിക്കുന്ന അനേകം കൊച്ച് കൈപത്തികള്‍ അവനെ നോക്കി കൈകള്‍ ചലിപ്പിച്ചു. കസേരയില്‍ ഒന്നു കൂടി ആശ്വസകരമായ ഇരിപ്പുറപ്പിച്ച് അവന്‍ വലതു കൈയില്‍ സ്കാല്പലെടുത്തു(2). പിന്നെ ഇടത്തേകൈയില്‍ മുന്‍കൈയും കൈയും ചേരുന്നിടത്തില്‍ മാര്‍ദ്ദവമേറിയ, സൃഷ്ടാവ് പേശികള്‍ പിടിപ്പിക്കാന്‍ മറന്ന് പോയ, ഏതാനും ധമനികകളുടെ കവലയില്‍ അതി സമ്മര്‍ദ്ദത്താല്‍ ഒഴുകികൊണ്ടിരുന്ന രക്തത്തിന് സ്വാതന്ത്ര്യം കൊടുക്കാന്‍ ഒരു കൊച്ച് തുളയിട്ടു. എന്നിട്ട് കുതിച്ച് ചാടുന്ന രക്ത പ്രവാഹം കൊണ്ട് മേശപ്പുറത്ത് കൊച്ച് കൊച്ച് കൈപത്തികള്‍ വരക്കാന്‍ തുടങ്ങി.

(1) ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍.
(2) ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കാറുള്ള കത്തി.

Labels: ,

Friday, June 29, 2007

അങ്ങനെ അതും സംഭവിച്ചു.

അങ്ങനെ ദീര്‍ഘകാലമായ ഒരു അഭിലാഷവും പരിശ്രമവും ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്.
പരീക്ഷകള്‍ ,അസ്സൈന്‍റ്മെന്‍റുകള്‍, തീസീസുകള്‍ തുടങ്ങി ഒരിക്കലുമവസ്സാനിക്കാത്ത കുറേ കാര്യങ്ങളില്‍ കുടുങ്ങി ബ്ലോഗില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാലും ‘കാര്യങ്ങളൊക്കെ അറിയുന്നുണ്ടാഅയിരുന്നു’ . തിരക്കുകള്‍ ഇനിയും പൂര്‍ണ്ണമായും തീര്‍ന്നിട്ടില്ല. എല്ലാം തീരും മുന്‍പേ തന്നെ വിശദവിവരങ്ങളൂമായി പിന്നീടെത്താം.
(രണ്ടാമത്തെ ഫോടോയില്‍ കൈയില്‍ പിടിച്ചിരിക്കുന്ന നീലചട്ടയുള്ള പുസ്തകമാണ് ആ വല്യ പുസ്തകം)





Labels:

Thursday, May 24, 2007

പുലരി

ഒരിക്കലും
മറക്കാനാകാത്ത ചില
പുലരികളുണ്ടെനിക്ക്-

പുലരിമഞ്ഞിനോടൊപ്പം
കാറ്റും ഓര്‍മ്മകളും
കഥപറയാനെത്തുന്ന
പുലരികള്‍-

മുറ്റത്തെ
മഞ്ഞപ്പൂക്കളൊക്കെ
എന്നെ നോക്കി
കൊഞ്ഞനം കുത്തുന്ന
പുലരികള്‍-

ഉറക്കമുണര്‍ത്തുന്ന
അത്തരം പുലരികളിലാണ്
എന്നെക്കുറിച്ച് തന്നെയുള്ള
ഓര്‍മ്മകള്‍
ശുദ്ധീകരിച്ചെടുക്കാറ്.

Labels: ,

Monday, December 18, 2006

കുഞ്ഞാണ്ടി

വാക്കുകളൊരിക്കലും ഇരുമ്പുലക്കകളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് പല്ലാറ് തിരുവാകപ്പുറത്ത് നൂഹ് കണ്ണ് സാഹിബ്.


കുഞ്ഞാണ്ടി ഒരു ഉപഗ്രഹം പോലെ സാഹിബിന് ചുറ്റും തിരിഞ്ഞു.


പ്രായം കൊണ്ടളക്കുകയാണെങ്കില്‍ സാഹിബിനേക്കാള്‍ രണ്ട് വയസ്സിന് മൂപ്പം കൂടും കുഞ്ഞാണ്ടിക്ക്. ഒരിക്കലും കുഞ്ഞാണ്ടി പറഞ്ഞില്ല. കുഞ്ഞാണ്ടി അറിഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞൊഴുകി. നിലമ്പൂര് കാട്ടില്‍ വേട്ടക്കെന്ന് പറഞ്ഞ് പോയ സാഹിബ് ആയിശയുടെ കുടിയില്‍ അന്തിയുറങ്ങുമ്പോള്‍ റാന്തല് തിരിതാഴ്ത്തി കുഞ്ഞാണ്ടി കാത്തിരുന്നു.

സാഹിബിന് ഭാര്യമാര്‍ രണ്ടെണ്ണമുണ്ടായിരുന്നു. കൌജുവിനെ കെട്ടാന്‍ കാരണം സൌന്ദര്യവും സമ്പത്തുമായിരുന്നെങ്കില്‍ തിത്തിക്കുട്ടിയെ രാക്ക് രാമാനം പള്ളിക്കല്യാണം കഴിച്ചതിന്‍റെ കാരണം സൌന്ദര്യം മാത്രം.


ദാമ്പത്യം നൂഹ് കണ്ണ് സാഹിബിന്‍റെ കുണ്ടലിയിലുണ്ടായിലെഴുതാന്‍ എഴുതിയവന്‍ മറന്നു. ഇബ്രാഹിം കുഞ്ഞിനെ പെറ്റിട്ടശേഷം കൌജുവും അഞ്ച് വയസ്സ് വരെ വളര്‍ത്തിയ ശേഷം തിത്തിക്കുട്ടിയും പരലോകം പൂണ്ടു.


നൂഹ് കണ്ണ് തനിച്ചായി, നൂഹ് കണ്ണ് സാഹിബ് തനിച്ചായില്ല. സാഹിബും കുഞ്ഞാണ്ടിയും തനിച്ചായി. ഇബ്രാഹിം കുഞ്ഞ് (സാഹിബ്) തനിച്ചായി, കളികൂടാന്‍ ആരും കൃത്യമായി പെയ്യിന്‍റടിച്ച ആ നാല് വന്മതിലുകള്‍ക്കുള്ളിലേക്ക് വന്നില്ല. നീലി ഇടക്കിടെ കുഞ്ഞാണ്ടിയുടെ വിരലില്‍ തൂങ്ങി വന്നതൊഴിച്ചാല്‍.

അക്കാലത്താണ് നിലമ്പൂര്‍ ആയിശ വീര്‍ത്തവയറുമായി ചെയ്ത്താന്‍ കുന്നും കയറി സാഹിബിന്‍റെ പല്ലാറ് തിരുവാകപ്പുറത്ത് പടിപ്പുരക്കല്‍ നാട്ടുകാരണവന്മാരുമായി വന്ന് തന്‍റെ സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിക്കുന്നത്, വാസനപ്പുകയില ചേര്‍ത്ത മുറുക്കാന്‍ ചവച്ചത് ഇറക്കണോ തുപ്പണോ എന്നത് തീരുമാനിച്ചിട്ടാവാം അതിനൊരുത്തരം പറയെലെന്ന ഭാവത്തില്‍ നിന്ന സാഹിബിനെ അമ്പരപ്പിച്ച് കൊണ്ട് ആദ്യമായി സാഹിബിന് മുന്നില്‍ കുഞ്ഞാണ്ടി ഒരു കൊടും കാറ്റായി.


“പ്ഫ! ഇയ്യെന്താടി മൂധേവീ പറേണത്, അന്‍റെ പൊരക്ക് മുന്നില്‍ സാഹിബിന്‍റെ കുതിരവണ്ടിയില് വന്നതും റാന്തല് തിരിതാഴ്ത്തിയതും അന്‍റേ പള്ളേല്ള്ള കുരുപ്പിനെ ഇണ്ടാക്കിയതും ഞാനല്ലേടീ...?”


ചാരായം കുടിച്ച കുഞ്ഞാണ്ടിയുടെ ആക്രോശങ്ങളെപ്പറ്റിയുള്ള അങ്ങാടിക്കഥകള്‍ കേട്ടിരിക്കാമെങ്കിലും അങ്ങനെയൊരു കുഞ്ഞാണ്ടിയെ സാഹിബതുവരെ കണ്ടിട്ടില്ലായിരുന്നു. കൃതജ്ഞതകൊണ്ട് സാഹിബ് വിവശനായി.


ആ ഒരു ചോദ്യവും ഒരിടവേളയുടെ നിശ്ശബ്ദതക്കും ശേഷം ആയിശ വട്ക്കിനിപ്പുറത്തേക്കും നാട്ട് കാരണവന്മാര്‍ പഴം പൊരി, ആട്ടിന്‍പാലൊഴിച്ച ചായ എന്നിടങ്ങളിലേക്കും സ്ഥലം മാറ്റപ്പെട്ടു. പിറ്റേന്ന് ചെയ്ത്താന്‍ കല്ലിന്‍റെ പുറകിലെ മഞ്ഞപൌട്ടയില്‍ നീലീടമ്മ തൂങ്ങിമരിച്ചു.

നീലിപ്പെണ്ണ് കരഞ്ഞു, നീലിപ്പെണ്ണിന്‍റെ കണ്ണീര് കണ്ട് ഇബ്രാഹിം കുഞ്ഞ് മിണ്ടാട്ടം മുട്ടി അവളുടെ കുഞ്ഞ് കൈപ്പത്തികള്‍ അമര്‍ത്തിപ്പിടിച്ചു, കുഞ്ഞാണ്ടിക്ക് വേണ്ടി സാഹിബിന്‍റെ കണ്ണീലും പൊടിഞ്ഞു ഒരിറ്റ് പൊടിക്കണ്ണീര്‍.

കുഞ്ഞാണ്ടി കരഞ്ഞില്ല,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി സുകൃതം കൊണ്ട് സമൃദ്ധനായി.ചാത്തം കഴിഞ്ഞന്ന് രാത്രി മുറുക്കാനിടിക്കാന്‍ കൃത്യതയോടെ കുഞ്ഞാണ്ടിയെത്തി.


ശരീരശാസ്ത്രപരമായിപ്പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഒട്ടൊരു പ്രതീക്ഷക്ക് വകനല്‍കുന്ന തരത്തില്‍ ക്രോമാഗ്നോണ്‍ മനുഷ്യനോട് രൂപസാദൃശ്യം തോന്നിപ്പിക്കും കുഞ്ഞാണ്ടി. അസൂയക്കരൊഴിച്ച് മറ്റുള്ളവര്‍ക്ക് ‍ കുഞ്ഞാണ്ടി വികലാംഗനാണ്.പില്‍ക്കാലത്ത് ‘ദ് കുഞ്ഞാണ്ടി അനോമാലി’‍ എന്ന് നരവംശ ശാസ്ത്രജ്ഞന്‍മാരാല്‍ അറിയപ്പെട്ട ഒരു പ്രത്യേകതരം അംഗവൈകല്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു കുഞ്ഞാണ്ടി, ഇടത്തേ ചെവിയുടെ സ്ഥാനത്ത് ആറാമിന്ദ്രിയം കണക്കെ ഒരു മാംസപിണ്ടം തൂങ്ങിക്കിടക്കുന്ന ഒരു പ്രത്യേക അംഗവൈകല്യം. എന്ന് വെച്ച് കുഞ്ഞാണ്ടിക്ക് യാതൊരു കേള്‍വിക്കുറവുമില്ല, മറിച്ച് ഒരു പ്രത്യേകതരം അമിത കേള്‍വിശക്തിയുണ്ടാക്കിക്കൊടുത്തുതാനും.



അടക്കാകളത്തിലെ കണക്കുകളും നാടൊട്ടുക്കുള്ള പാണ്ട്യാലകളിലെ സന്ദര്‍ശനവും കഴിഞ്ഞുള്ള ഇടവേളകളില്‍ പകുതി നിലമ്പൂരില്‍ ആയിശാവേട്ടക്കും പോയി മിച്ചം വരുന്ന സമയത്തിനെ വീണ്ടും വീതിച്ച് ഒരു ഭാഗം പ്രാര്‍ഥനകള്‍ക്കും ഒരു ഭാഗം മുറുക്കാനും ഇനിയുമൊരു ഭാഗം ഉറക്കത്തിനും മാറ്റിവെച്ചപ്പോള്‍ പിന്നെ സാഹിബിന് കൊച്ച് ഇബ്രാനെ നോക്കാനോ എത്ര വയസ്സായെന്നെങ്കിലും ചോദിക്കാനോ സമയമുണ്ടായില്ല.അല്ലെങ്കിലും ആണ്‍കുട്ടികളെ ലാളിച്ചാല്‍ വഷളായിപ്പോകുമെന്ന പരമ്പരാഗത സിദ്ധാന്തത്തിന്‍റെ അനുവര്‍ത്തകനായിരുന്നു സാഹിബ്. ഇടക്കിടെ വാപ്പ കോയിക്കോട്ടങ്ങാടീല്‍ മോനിക്കായി പറഞ്ഞുണ്ടാക്കിച്ചതെന്ന് പറഞ്ഞ് കൊടുത്ത പൊതികളിലെ കറുത്തലുവകളിലൂടെ ഇബ്രാന്‍ വാപ്പയുണ്ടെന്നറിഞ്ഞു. അലുവാക്കഥ കുഞ്ഞാണ്ടിയും ഇബ്രാനുമല്ലാതെ സാഹിബറിഞ്ഞില്ല. അലുവാക്കഷണങ്ങളിലൊന്നെങ്കിലും ആരും അറിയാതെ നീലിപ്പെണ്ണിലും സാന്നിദ്ധ്യമറിയിച്ചു.


പല്ലാറ്റ് കായലില്‍ പോത്ത് പൂട്ട് നടക്കുമ്പോഴാണ് വരിവരിയായി ഒരു പൊതിയും പിടിച്ച് പോകുന്ന കുട്ടികളോടൊപ്പം പോകണമെന്ന വാശി അവനിലുതിച്ചത്. വിദ്യാഭ്യാസം മൌലിവകാശമാണ് - അതാര്‍ക്കും തടുക്കാനാവില്ല എന്ന അറിവില്‍ കൊച്ച് ഇബ്രാഹിം കുഞ്ഞ് ആരും പറയാതെതന്നെ ഗവണ്മെന്‍റ് മാപ്പിള എയ്ഡഡ് ലോവര്‍‍ പ്രൈമറി സ്ക്കൂളില്‍ പോയി ഒന്നാം ബെഞ്ചിന്‍റെ വലത്തേ അറ്റത്ത് ഇരിപ്പുറപ്പിച്ചു.ഇടത്തേവരിയില്‍ ആദ്യബെഞ്ചില്‍ നീലിപ്പെണ്ണും.


കാലത്തിന്‍റെ പ്രധാന ദൌത്യങ്ങളിലൊന്ന് ചിലരില്‍ വാര്‍ദ്ധക്യവും ചിലരില്‍ യുവത്വവും കൊണ്ട് നിറക്കുകയെന്നാണല്ലോ.നീലി പത്തില്‍ പൊട്ടിപ്പോയി, നാരങ്ങാ വലുപ്പത്തില്‍ നെഞ്ചില്‍ ഒരു അനധികൃത പേശി കനം വെച്ചു.ഇബ്രാഹിം കുഞ്ഞ് ജയിച്ചു, ഒരു കോഴിയുടേത് പോലുള്ള ‘കൂറ്റ്’ വന്ന കുറച്ച് നാളുകള്‍ക്ക് ശേഷം ഒച്ചയുറച്ചു.നൂഹ്കണ്ണ് സാഹിബ് നൂഹ്കണ്ണ് ഹാജ്യാരായി, തലമുടി മാറ്റിയുള്ള ഒരധിനിവേശത്തില്‍ കശണ്ടി നിറഞ്ഞു.ഇപ്പൊ നാടൊട്ടുക്ക് പാണ്ട്യാലകളില്ല.ആയിശ ഏതോ വരുത്തന്‍റെയൊപ്പം നാട് വിട്ടു, പഴയ കുരുപ്പ് കുഞ്ഞാണ്ടിയുടെ മേയാത്ത ചെറ്റക്കുടിലില്‍ വേരും പേരുമില്ലാതെ വളര്‍ന്നു.കുഞ്ഞാണ്ടിയുടെ പേശികള്‍ ബലം വിട്ടില്ല.കുഞ്ഞാണ്ടി സമൃദ്ധമായിത്തന്നെ നിറഞ്ഞു.


പത്തില്‍ ഫസ്റ്റ് ക്ലാസില്‍ ജയിച്ചന്നറിഞ്ഞപ്പോള്‍ മുതലാണ് സാഹിബ് ഇബ്രാഹിം കുഞ്ഞിനെ പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയത്. ഇബ്രാഹിം കുഞ്ഞ് ഡോക്ടറാവുന്നതും അതിനകം കൃത്യമായി പെയിന്‍റടിമുടങ്ങിയ മതിലിന് മുന്നില്‍ കറുപ്പില്‍ വെള്ളയക്ഷരങ്ങളിലെഴുതിയ ബോര്‍ഡ് തൂങ്ങുന്നതും സാഹിബിന്‍റെ സ്വപ്നത്തില്‍ ഇടക്കിടെ വന്നു.

സ്വപനമല്ല സത്യം.

ഇബ്രാഹിം കുട്ടി ചാലിയാറില്‍ അയിക്കാടത്ത് കടവിറങ്ങി മാങ്കാവ് ബസ് പിടിച്ച് കോഴിക്കോട്ട് എഞിനീറിങ്ങിന് ചേര്ന്നു.

കോഴിക്കോട് പട്ടണം ഇബ്രാഹിം കുഞ്ഞില്‍ നിറഞ്ഞു,ചരിത്രരേഖകളില്‍ ഇബ്രാഹിം കുഞ്ഞിനെപറ്റിയും നീലിയെപറ്റിയും മറ്റു പരാമര്‍ശങ്ങളൊന്നുമെല്ലെന്നിരിക്കിലും അയാള്‍ ഒരിക്കല്‍ ചില ചുവന്ന പുസ്തകങ്ങളുമായി പിന്നീട് തിരുവാകപ്പുറത്ത് തറവാട്ടിലെത്തിയതായി അറിയാന്‍ കഴിഞ്ഞു. നീലി അയാളെയും കാത്ത് പല്ലാറ് കടവത്ത് റാന്തലും പിടിച്ച് കാത്ത് നിന്നു.പതിവിന് വിപരീതം ഒറ്റക്കരയുള്ള സൂരി മുണ്ടിന് പകരം കാല്‍സറായിയിട്ട് വന്ന അയാള്‍ നേരെ തറവാട്ടില്‍ പോയി,‍ ആദ്യമായി വാപ്പക്ക് മുന്നില്‍ ഞെളിഞ്ഞ് നില്‍ക്കുകയും ഒരു കൊച്ച് പ്രസംഗ നടത്തുകയുമുണ്ടായി. കൃഷിഭൂമി കര്‍ഷകനാണെന്നും, അതിന്‍ പ്രകാരം പല്ലാറ്റ് കായലിന്‍റെ ഇരുവശങ്ങളിലുമായി പടര്‍ന്ന് കിടക്കുന്ന പാടശേഖരം കുഞ്ഞാണ്ടിക്കും നീലിക്കും അവകാശപ്പെട്ടതാണുമെന്നതായിരുന്നു അതിന്‍റെ സാരം.ആ പ്രസംഗത്തോടെ ഇബ്രാഹികുട്ടിയും തിരുവാകപ്പുറത്ത് തറവാടും തമ്മിലുള്ള ബന്ധം അറുക്കപ്പെട്ടു. അതിന് ശേഷം നടക്കാവില്‍ പൂട്ടിക്കിടന്നിരുന്ന നൂഹ് കണ്ണ് ഹാജ്യാര്‍ സാഹിബിന്‍റെ പാണ്ട്യാലയുടെ താക്കോല്‍ സാഹിബറിയാതെ കുഞ്ഞാണ്ടി എഞ്ചിനീറിങ്ങ് കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കൊടുത്തു.നാട് വിട്ട നീലിപ്പെണ്ണ് ഇബ്രാഹിം കുഞ്ഞിനോടൊപ്പം കോഴിക്കോട്ടെ പാണ്ടാല്യയില്‍ താമസിക്കുന്നതായും മറിച്ച് തെക്ക് നിന്ന് വന്ന വിപ്ലവകാരി നമ്പൂരിശ്ശ്യന്‍റെ കൂടെ വയനാട് കുന്നില്‍ അടിവാരത്തെവിടെയോ ജീവിക്കുന്നതായും വിത്യസ്ത ചരിത്ര രേഖകളില്‍ കാണാന്‍ കഴിഞ്ഞു.

വേരും പേരുമില്ലാത്തവന്‍ ഗ്രഹണിപിടിച്ച്,പിന്നെ ഒരുനാളുണര്‍ന്ന് ‘അസ്ഥിത്വമെന്നാല്‍ മെഴുകുതിരിപോലാണെന്നും ഇനി പോയാല്‍ ഏഴ് സം‌വത്സരങ്ങള്‍ കഴിഞ്ഞ് കാണാമെന്നും’ പറഞ്ഞ് ചത്ത് കെട്ടതിനും, ചാവ്ശേഷം വേരില്ലാകുന്നിലപ്പന്‍ ഔലിയാ എന്ന പേരില്‍ ജാറം മുളച്ചതിനും വ്യക്തമായ തെളിവുകള്‍ ചരിത്ര രേഖയിലും മാണൂര്‍ ചെയ്ത്താന്‍ കുന്നിലെ കൊടിമരത്തിലുമുണ്ട്.



ചരിത്രത്തില്‍ കുഞ്ഞാണ്ടിയെക്കുറിച്ച് ഏറ്റവും മഹത്തായതായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൊന്ന് കുഞ്ഞാണ്ടി തന്‍റെ മരണം സാഹിബിന് സമ്മാനിച്ചതിനേക്കുറിച്ചാണ്.പറയത്തക്കതായി ഒന്നും ചെയ്യാത്തവന്‍റെ ജീവചരിത്രമെഴുതുമ്പോഴാണ് ജീവചരിത്രകാരന്‍ എപ്പോഴും ആശയക്കുഴപ്പത്തിനടിപ്പെടുന്നത്.എന്നിരുന്നാലും ഇത്തരം അതീന്ദ്രിയമായ സംഭവങ്ങളെക്കൂറിച്ചുള്ള പരാമര്‍ശങ്ങള്‍ വിട്ട് കളയാന്‍‍ വകതിരിവുള്ള ഒരു ജീവചരിത്രകാരനുമാവില്ല.


ഒരാഴ്ച ‍പോലും മരണക്കിടക്കയില്‍ കിടക്കാതെ കെട്ട് കെട്ടണമെന്നായിരുന്നു സാഹിബിന്‍റെ മരണത്തെക്കുറിച്ചുള്ള അഭിലാഷം. പ്രതീക്ഷകള്‍ തെറ്റിച്ച് അസമയങ്ങളില്‍ വിരുന്ന് വരുന്ന വിരുന്ന് കാരനല്ലോ മരണം. കുളിമുറിയിലെ തറയില്‍ പിടിച്ച ഇച്ചിള് എന്ന് വിളിക്കപ്പെട്ട പായലിന്‍റെ രൂപത്തില്‍ അത് സാഹിബിന് മരണം വരെ കിടക്കാനുള്ള ഒരു കട്ടിലേക്ക് സ്ഥാനഭ്രംശം കൊടുത്തു.

“ഇനിക്ക് തൂറാമ്മുട്ടുന്നു“ എന്ന് പറയുമ്പോള്‍ ഒരു കാസപ്പാത്രം സാഹിബിന്‍റെ പൃഷ്ടത്തിനടിയില്‍ വെക്കേണ്ടിടത്ത് വെച്ച് കൊടുക്കാനും കര്‍മ്മശേഷേ ഡെറ്റോളിട്ട് നനച്ച പരുത്തിത്തുണികൊണ്ട് തുടച്ച് കൊടുക്കാനും കുഞ്ഞാണ്ടിയല്ലാതെ മറ്റൊരു ഭൃത്യനുമാവില്ല. അതും കുഞ്ഞാണ്ടിയുടെ കര്‍മ്മ സുകൃതം.

‘ഹേ അസ്രായീല്‍, എന്നെ നീ എത്രയും പെട്ടെന്ന് കൊണ്ട് പോകൂ, എന്ന ഒരു പുതിയ മന്ത്രം ദസ്-വിയില്‍ ഉരുവിട്ട് അനങ്ങാനാവാതെ സാഹിബ് കിടന്നു.


അന്നേക്ക് ആറാം നാളാണ് തനിക്ക് വേണ്ടിയും ക്രമം ചെയ്ത് വെച്ചിരുന്ന ഒറ്റയടി മരണം പോത്തും പുറമേറി പല്ലാറ്റ് കായലില്‍ കുളിച്ച് കൊണ്ടിരുന്ന കുഞ്ഞാണ്ടിയെത്തേടിയെത്തിയത്.ഒരു സൌഭാഗ്യമായി വന്ന ഒറ്റയടിപ്പ് മരണത്തെ തന്‍റെ യജമാനന് വിട്ട് കൊടുത്ത് അന്നേ ദിവസമാണ് കുഞ്ഞാണ്ടി ചരിത്രത്തില്‍ അതീന്ദ്രിയ സ്ഥാനം ഭദ്രമാക്കിയതും.കുഞ്ഞാണ്ടി അറിഞ്ഞു,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി കെഞ്ചി, പോത്തും പുറത്തിരിക്കുന്നവനോട് തന്‍റെ മരണം യജമാനന് സമ്മാനിക്കാന്‍ കേണു.ആ സുകൃതന്‍റെ അപേക്ഷയില്‍ അലിവ് തോന്നി പോത്തും പുറത്ത് വന്നവന്‍ തന്‍റെ ചുമതല അസ്രായീലിന് കടം കൊടുത്തു.അന്ന് രാത്രി സാഹിബ് ഒരു സ്പൂണ്‍ കഞ്ഞിയുടെ മുറുക്കിനൊപ്പം ഊര്‍ദ്ധനും വിഴുങ്ങി.

കുഞ്ഞാണ്ടി വീണു, പല്ലാറ്റ് കായലിന്‍റെ കടവില്‍ പൂത്ത് നിന്ന നീര്‍വാള മരത്തിനടിയില്‍, കാലിലെ മണ്ണ് കായലെടുത്ത് നഗ്നമാക്കിയ ഒരു വേരില്‍‍ തലയിടിച്ച്. ഒരു നിദാനത്തിനെന്ന പോലെ പോത്തുംപുറമേറിവന്നവന്‍ കുഞ്ഞാണ്ടിയുടെ മസ്തിഷ്കത്തിലെ ചില ഞെരമ്പുകള്‍ക്ക് ഒരു പ്രത്യേക തരം ക്ഷതം കൊടുത്തു.


ഇതില്‍ പിന്നെ ഇത്രനാളും കുഞ്ഞാണ്ടി കിടപ്പിലാണ്.

Labels: ,

Wednesday, November 01, 2006

നവമ്പര്‍

നിനക്കാത്ത നേരത്ത്, ഒരു നവമ്പറിലായിരുന്നു ഓര്‍മ്മയിലെ ആദ്യത്തെ മഞ്ഞ് വീഴുന്നത്. ഒരുച്ചയുറക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ ചുറ്റും വെള്ളപുതച്ച് കിടന്ന ലോകം തെല്ലെല്ലാത്ത ഒരമ്പരപ്പായി നിറഞ്ഞു.ആപാദചൂഡം മഞ്ഞില്‍ പുതച്ച് നില്‍ക്കുന്ന മരങ്ങളും മനുഷ്യരും. ആദ്യമൊക്കെ മഞ്ഞിന്‍റെ താളത്തിലേക്കലിഞ്ഞ് ചേരാന്‍ ഇത്തിരിയൊന്ന് ക്ലേശിച്ചു. പതുക്കെ മഴപോലെ തന്നെ ആഞ്ഞ് പെയ്യുന്ന സൌന്ദര്യം മഞ്ഞിലും കാണാന്‍ തുടങ്ങി.മറന്ന് വെച്ച മഴയുടെ ഗൃഹാതുരത്വം മഞ്ഞായി പുതുജീവനെടുക്കുകയാണുണ്ടായത് .

സത്യത്തില്‍ മഞ്ഞിനോടെന്ന പോലെ മാറിവരുന്ന എല്ലാ ഋതുഭേദങ്ങളോടും എന്നും എന്‍റെ വികാരം തീക്ഷ്ണമായ പ്രണയം തന്നെയായിരുന്നു. എന്നാലും ആദ്യത്തെമഞ്ഞിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ നവമ്പറിനെ പ്രണയിച്ച് കൊണ്ടേയിരുന്നു. കാലുറക്കാത്ത നടവഴികളേയോ വളയത്തിനൊത്ത് തിരിയാത്ത പാതകളേയോ ഒരിക്കലും പഴിക്കാന്‍ എനിക്ക് തോന്നിയില്ല, അത്രയും ഞാനതിനോട് കീഴ്പെട്ട് പോയിരുന്നു.

മറ്റൊരു മഞ്ഞുകാലത്തിന്‍റെ തുടക്കത്തിലാണ്,മറവിപിടിച്ച ഒരു ലഹരിയില്‍ ഞാനാദ്യമായി മഞ്ഞിനെ ചുംബിച്ചു.നിര്‍ഭാഗ്യം(?) ആദ്യത്തെ ചുംബനം ആദ്യത്തെ പ്രണയമായില്ല.

അക്കാലത്തുമല്ല ഞാന്‍ മഞ്ഞിനെ സ്നേഹിച്ച് തുടങ്ങിയത്. തൊട്ടടുത്ത മഞ്ഞ് കാലത്തോടൊപ്പം എന്നില്‍ വിരിഞ്ഞ വസന്തമായിരുന്നു എന്നെ മഞ്ഞുമായടുപ്പിച്ചത്.മഞ്ഞ് പിടിച്ചതെന്തിലും ഞാനോരോ വെളുത്ത പൂക്കളെ കണ്ട് തുടങ്ങി.

‘ഇത് മുല്ല, ഇത് പിച്ചകം, ഇത് നന്ത്യാര്‍വട്ടം”
ഞാന്‍ കാട്ടിക്കൊടുത്ത പൂക്കളെല്ലാം എന്‍റേത് മാത്രമായി. ചുറ്റും വലിയ യന്ത്രങ്ങള്‍ എന്‍റെ മഞ്ഞ് പൂക്കളെ കോരിയെടുത്ത് വലിയ ട്രക്കുകളിലേക്ക് തട്ടി.


ദൈവത്തിന്‍റെ കലണ്ടറില്‍ മറ്റൊരു കൊല്ലത്തിന്‍റെ നവമ്പര്‍ മരണത്തിന്‍റെ മാസമായിരുന്നു.ഓരോ മനുഷ്യനുമെന്ന പോലെ ദൈവത്തിനും ഒരു കലണ്ട്റുണ്ടത്രേ, അതില്‍ താളുകള്‍ മറിക്കുമ്പോള്‍ പ്രണയവും വിരഹവും പൂക്കളും പഴുത്തിലകളും കരിയിലകളും മഞ്ഞും, കാറ്റും മഴയും ജനനവും മരണവും.....പറഞ്ഞ് തീരും മുമ്പേ ആ നവമ്പറിനെ സാക്ഷിനിര്‍ത്തി, ചെറിയ കാലയളവിലെ വലിയ സൌഹൃദം ബാക്കിവെച്ച്, അവന്‍ അകലങ്ങളിലേക്ക് പോയിരുന്നു.അന്നാ സുഹൃത്തിന്‍റെ വിയോഗത്തില്‍ അനുതപിക്കാന്‍ അലങ്കരിച്ച മേശക്ക് ചുറ്റും കൊച്ചു കൊച്ച് ഗ്ലാസുകളുമായി ഞങ്ങളിരുന്നു. മരണം ‘ആഘോഷി‘ക്കുന്നതിന് കറുത്ത വസ്ത്രം വേണമെന്ന് എനിക്കന്ന് വരെ അറിയില്ലായിരുന്നു.എന്‍റെയുള്ളിലെ മരണം എന്നും വെളുത്ത വസ്ത്രങ്ങളും തുളയുള്ള ശിരോവസ്ത്രവുമണിഞ്ഞതായിരുന്നു. കറുത്ത വസ്ത്രത്തിന്‍റെ അഭാവം ആ മേശയില്‍ എന്നെ ജാള്യനും നിശ്ശബ്ദനുമാക്കി. അതേ മേശക്ക് മറ്റൊരു കോണിലെ പൂച്ചക്കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞിരുന്നില്ല.

അതേ മഞ്ഞ് കാലം ആ പൂച്ചക്കണ്ണുകളെന്‍റേതാക്കിമാറ്റി.ആ കണ്ണുകളുടെ തെളിമ എന്‍റെ കാഴ്ചക്ക് മേലെ തിമിരം പോലെ പടര്‍ന്നു.അടര്‍ത്തിമാറ്റാന്‍ തുനിഞ്ഞപ്പോഴൊക്കെ സ്വയം പറഞ്ഞു, ഇനിയും ഒരു മഞ്ഞ് കാലമാകട്ടെ.
അതൊരു സത്യമായിരുന്നു. അറം പറ്റിയ സത്യം.

മറ്റൊരു മഞ്ഞ് കാലത്ത്, ജനലിനും കട്ടിളക്കുമിടയില്‍ കടലാസും പഞ്ഞിയും ചേര്‍ത്തൊട്ടിക്കാന്‍ മറന്ന് പോയ സൂക്ഷ്മ ദ്വാരങ്ങളിലൂടെ ചൂളമടിച്ച് കയറുന്ന കൊടും തണുപ്പിന്‍റെ കാറ്റേറ്റ് കിടക്കുമ്പോഴാണ് ഏകസഹോദരിയുടെ വിവാഹക്കാര്യം ചെവിയിലെത്തുന്നത്.സുഹൃത്തെന്നോ സഹോദരിയെന്നോ ആദ്യ വിശേഷിപ്പിക്കേണ്ടതെന്നറിയാത്ത അവളുടെ വിവാഹം ആദ്യം വിരിഞ്ഞ ആനന്ദാശ്രുവുമായി അന്നത്തെ മഞ്ഞിനൊപ്പം പെയ്തൊഴിഞ്ഞു.

ഓര്‍മ്മകളില്‍ മഞ്ഞ് കാലത്തോട് ഞാനൊരിക്കലേ പിണങ്ങിയിട്ടൊള്ളൂ.അക്കാലങ്ങളില്‍ മഞ്ഞിന് ഇന്നേക്കാളും കടുപ്പമുണ്ട്.ആഗോളതാപനം അതിനെയുരുക്കാന്‍ മാത്രം കഠിനപ്പെട്ടിട്ടില്ലായിരുന്നു.ഓര്‍ക്കാനറക്കുന്ന കാലം.കനമേറിയ ബൂട്ടുകള്‍ കൊണ്ട് വെറുതെ ഞാന്‍ മഞ്ഞ് കട്ടകളെ ചവട്ടിയരച്ച് കൊണ്ടിരുന്നു.അത് യുവത്വമായിരുന്നത്രേ! ഒരു മഞ്ഞ് കാലത്ത് , സുരതത്തിന്‍റെ ആലസ്യത്തില്‍ അലിഞ്ഞൊലിക്കുന്ന മഞ്ഞ് മലകളുടെ നിമ്നോന്നതികളില്‍ ചേര്‍ന്ന് കിടക്കുമ്പോഴാണ് അതേ സഹോദരിയുടെ വിവാഹമോചനം ഒരു ഞെട്ടലായി ഞാനറിയുന്നത്.മഞ്ഞ് മലകളുടെ കഥകള്‍ക്ക് ചെവികൊടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആദ്യമായി ഭാഷയോടും ദേശത്തോടും അന്യത തോന്നി.മഞ്ഞിനോടും.ആദ്യത്തെ വെറുപ്പ്.

പിന്നെ നേട്ടങ്ങളുടെ മഞ്ഞുകാലം, ദേശാന്തരങ്ങളിലെ വിലാസങ്ങളും ആസ്വദിക്കപ്പെട്ടിരുന്ന തിരക്കും എന്നെ അഹങ്കാരിയാക്കിയതില്‍ മഞ്ഞ് കാലത്തെ കുറ്റം പറയാതിരിക്കുന്നതാണ് ശരി.മഞ്ഞ് മറന്നു, മഴ മറന്നു, നന്ദ്യാര്‍വട്ടവും മുല്ലയും പിച്ചകവും മറന്നു.

മണ്മറഞ്ഞ സുഹൃത്ത് ദൈവത്തിന്‍റെ മഞ്ഞ് കാല കലണ്ടര്‍ മാത്രം എനിക്കായി മാറ്റിവെച്ചു.പെയ്യുന്ന മഞ്ഞിനോടൊപ്പം സന്തോഷവും സന്താപവും ഒരു ചലച്ചിത്രത്തിലെന്ന പോലെ വന്നും പോയും കൊണ്ടിരിക്കുന്നു. എല്ലാ വികാരങ്ങളും ഒരു പ്രത്യേകതാളത്തില്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും എന്നറിയാന്‍ പിന്നേയും കുറേ മഞ്ഞ് കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കൊടും ശൈത്യത്തില്‍ ശ്രദ്ധയോടെ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത് മഞ്ഞിനെ വെല്ലുവിളിക്കാന്‍ അശക്തനായത് കൊണ്ടായിരുന്നു. ഋതുഭേദങ്ങളെ പ്രകൃതി തരുന്ന പോലെ ഉള്‍ക്കൊള്ളാന്‍ ആവും പോലെ ഞാന്‍ ശ്രദ്ധിച്ചു.

ആയിടക്കാണ് സമാനചിന്താഗതിക്കാരും മഞ്ഞിനെ സ്നേഹിച്ചവരുമായ ഒരു പറ്റം മൈക്രോബുകള്‍ എന്നെ കണ്ടെത്തുന്നത്. ആ മഞ്ഞ് കാലത്തെ കടുത്ത നിരാശയും അതില്‍ നിന്നുടലെടുത്ത അലച്ചിലും എന്നെ വികാരക്ഷോഭങ്ങളില്‍ നിന്നും ഋഷിതുല്യ നിസ്സംഗതയിലേക്കെത്തിച്ചിരുന്നു.ഏതോ പൂര്‍വ്വ ജന്മങ്ങളുടെ കഥ പറയാന്‍ ഘോഷയാത്രയായെത്തിയ മൈക്രോബുകളെ എന്‍റെ ആതിഥ്യമറിയിക്കുന്നതിന് പകരം അപമാനിച്ചിറക്കിവിടാന്‍ ഞാന്‍ തയ്യാറല്ലായില്ല. എന്‍റെ ശ്വാസകോശങ്ങളുടെ ഓരോ അറകളും ഞാനവര്‍ക്കായി തുറന്ന് കൊടുക്കട്ടെ. ഈ ആശുപത്രികിടക്കയില്‍ അധിനിവേശമില്ലാത്ത പ്രയാണമായി അവരെന്നില്‍ നിറയട്ടേ.അവരതില്‍ നന്ദ്യാര്‍വട്ടമായും പിച്ചകമായും മുല്ലയായും ആകൃതി പ്രാപിക്കുന്ന തുളകളിടട്ടെ.

ഇത്രയുമായിരിക്കേ, ആശുപത്രി ജാലകങ്ങള്‍ക്കപ്പുറത്ത്, തെളിഞ്ഞ സൂര്യനേയും വകവെക്കാതെ അപ്പൂപ്പന്‍ താടി പോലുള്ള നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. ചില്ലുപാളികള്‍ക്ക് തടുക്കാനാവാതെ അവ താന്താങ്ങളുടെ ഏറ്റവും സമ്മതനായ ആരാധകന്‍റെ ശരീരമാസകലം പൊതിഞ്ഞു.കാലുകളില്‍ നിന്നരിച്ച് തുടങ്ങിയ തണുപ്പിനെ വകവെക്കാതെ ഞാന്‍ ഏന്തിവലിഞ്ഞ് മേശക്കലണ്ടറില്‍ ഒക്ടോബറിന്‍റെ ഏട് പറിച്ച് വലിച്ചു. വീണ്ടും ഒരു നവമ്പര്‍.
=അന്ത്യം=

Labels: , ,

inblogs.net