Monday, August 07, 2006

ഉന്മാദത്തില്‍

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങളില്‍ മരവിച്ചിരുന്നതും, പിന്നെ വൈകിപ്പോയെന്നറിഞ്ഞപ്പോള്‍ അലറി വിളിച്ച് സംഹാരിയായതുമത്രേ അയാളുടെ രോഗം. ഓരോ മിഴികളിലും ഓരോ നിറങ്ങളിലും കറുപ്പ് പടര്‍ന്നതങ്ങിനെയത്രേ.. അഴികളില്‍ മുഖമമര്‍ത്തിയുള്ള തേങ്ങലുകളില്‍ അതും പുലമ്പിക്കൊണ്ടിരുന്നു.

അബാസ്കസിന്‍റെ മുത്ത് മണികള്‍ മുകളിലേക്കും താഴോട്ടുമാക്കി അയാള്‍ കണക്ക് കൂട്ടുകയായിരുന്നു.ഇടക്കെപ്പോഴോ ബോധം സ്വന്തമെന്ന് തോന്നിയപ്പോള്‍ അഴിയിട്ട വാതിലില്‍‍ മുഖമമര്‍ത്തി തേങ്ങി.

“ഏയ്, തനിക്കിതാ ഒരു ഫോണ്‍കോള്‍“

ഒടിയടുക്കുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരുന്നാവോ..

അല്ലെങ്കിലും ഓടാനിവിടെ ഇടമെവീടേ? പഴുത്ത മൂവാണ്ടന്‍ മാങ്ങ വീണളിഞ്ഞ തൊടിയല്ലല്ലൊ..
കുറുകിയ പാവാടയിട്ട നേഴ്സമ്മ അഴിയിട്ട വാതില്‍ തുറക്കുംകാലം വരെ ഇരുപത്തിനാല് മീറ്റര്‍ സ്ക്വയര്‍ സമചതുരത്തിന്‍റെ സ്വാതന്ത്ര്യത്തിലൊതുങ്ങിയല്ലോ അയാളുടെ ലോകം.

നേഴ്സമ്മയെ അയാളിഷ്ടപ്പെടുന്നതും തെറിവിളിക്കാത്തതും തുറക്കാത്ത പൂട്ടിനപ്പൂറത്തെ സ്വാതന്ത്ര്യത്തെ ഭയന്നാണ്.മറിച്ച് കാസപ്പിഞ്ഞാണത്തില്‍ വിളമ്പിത്തരുന്ന ഗുളികള്‍ സമ്മാനിക്കുന്ന സുഷുപ്തിയിലും മറവിയിലും മയങ്ങിയല്ലേ?

“ഏയ്,തനിക്കിതാ ഒരു ഫോണ്‍കോള്‍, താനെന്താടോ ഒന്നും മിണ്ടാത്തേ?”

അയാള്‍ക്കങ്ങിനെ ഒരു ഫോണ്‍ വരില്ലെന്നുറപ്പാണ്. ഒരു സഹവാസിയുടെ ജല്‍പനങ്ങള്‍‍...സഹവാസിക്ക് ഭ്രാന്താണോ?

“അമ്മേ, എന്നെ വെറുതെയൊന്ന് ഉണ്ണീന്ന് വിളിച്ചൂടേ?
ഏയ്, ഞാനില്ല,ഇപ്പോ നേഴ്സമ്മവരും,എന്നിട്ട് ഉറക്കം നിറച്ച സൂചിവെക്കും.
അമ്മേ, എനിക്കുറങ്ങണം, എനിക്ക് സൂചിവേണ്ട, ഒര് താരാട്ട് പാടിത്തര്വോ..?”

ഓരോ മിഴികളിലും ഓരോ നിറങ്ങളിലും കറുപ്പ് പടര്‍ന്നതെങ്ങിനെയാണെന്നയാളറിഞ്ഞു,വീണ്ടും അഴികളില്‍ മുഖമമര്‍ത്തി.

Labels: , ,

inblogs.net