Wednesday, November 01, 2006

നവമ്പര്‍

നിനക്കാത്ത നേരത്ത്, ഒരു നവമ്പറിലായിരുന്നു ഓര്‍മ്മയിലെ ആദ്യത്തെ മഞ്ഞ് വീഴുന്നത്. ഒരുച്ചയുറക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ ചുറ്റും വെള്ളപുതച്ച് കിടന്ന ലോകം തെല്ലെല്ലാത്ത ഒരമ്പരപ്പായി നിറഞ്ഞു.ആപാദചൂഡം മഞ്ഞില്‍ പുതച്ച് നില്‍ക്കുന്ന മരങ്ങളും മനുഷ്യരും. ആദ്യമൊക്കെ മഞ്ഞിന്‍റെ താളത്തിലേക്കലിഞ്ഞ് ചേരാന്‍ ഇത്തിരിയൊന്ന് ക്ലേശിച്ചു. പതുക്കെ മഴപോലെ തന്നെ ആഞ്ഞ് പെയ്യുന്ന സൌന്ദര്യം മഞ്ഞിലും കാണാന്‍ തുടങ്ങി.മറന്ന് വെച്ച മഴയുടെ ഗൃഹാതുരത്വം മഞ്ഞായി പുതുജീവനെടുക്കുകയാണുണ്ടായത് .

സത്യത്തില്‍ മഞ്ഞിനോടെന്ന പോലെ മാറിവരുന്ന എല്ലാ ഋതുഭേദങ്ങളോടും എന്നും എന്‍റെ വികാരം തീക്ഷ്ണമായ പ്രണയം തന്നെയായിരുന്നു. എന്നാലും ആദ്യത്തെമഞ്ഞിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ നവമ്പറിനെ പ്രണയിച്ച് കൊണ്ടേയിരുന്നു. കാലുറക്കാത്ത നടവഴികളേയോ വളയത്തിനൊത്ത് തിരിയാത്ത പാതകളേയോ ഒരിക്കലും പഴിക്കാന്‍ എനിക്ക് തോന്നിയില്ല, അത്രയും ഞാനതിനോട് കീഴ്പെട്ട് പോയിരുന്നു.

മറ്റൊരു മഞ്ഞുകാലത്തിന്‍റെ തുടക്കത്തിലാണ്,മറവിപിടിച്ച ഒരു ലഹരിയില്‍ ഞാനാദ്യമായി മഞ്ഞിനെ ചുംബിച്ചു.നിര്‍ഭാഗ്യം(?) ആദ്യത്തെ ചുംബനം ആദ്യത്തെ പ്രണയമായില്ല.

അക്കാലത്തുമല്ല ഞാന്‍ മഞ്ഞിനെ സ്നേഹിച്ച് തുടങ്ങിയത്. തൊട്ടടുത്ത മഞ്ഞ് കാലത്തോടൊപ്പം എന്നില്‍ വിരിഞ്ഞ വസന്തമായിരുന്നു എന്നെ മഞ്ഞുമായടുപ്പിച്ചത്.മഞ്ഞ് പിടിച്ചതെന്തിലും ഞാനോരോ വെളുത്ത പൂക്കളെ കണ്ട് തുടങ്ങി.

‘ഇത് മുല്ല, ഇത് പിച്ചകം, ഇത് നന്ത്യാര്‍വട്ടം”
ഞാന്‍ കാട്ടിക്കൊടുത്ത പൂക്കളെല്ലാം എന്‍റേത് മാത്രമായി. ചുറ്റും വലിയ യന്ത്രങ്ങള്‍ എന്‍റെ മഞ്ഞ് പൂക്കളെ കോരിയെടുത്ത് വലിയ ട്രക്കുകളിലേക്ക് തട്ടി.


ദൈവത്തിന്‍റെ കലണ്ടറില്‍ മറ്റൊരു കൊല്ലത്തിന്‍റെ നവമ്പര്‍ മരണത്തിന്‍റെ മാസമായിരുന്നു.ഓരോ മനുഷ്യനുമെന്ന പോലെ ദൈവത്തിനും ഒരു കലണ്ട്റുണ്ടത്രേ, അതില്‍ താളുകള്‍ മറിക്കുമ്പോള്‍ പ്രണയവും വിരഹവും പൂക്കളും പഴുത്തിലകളും കരിയിലകളും മഞ്ഞും, കാറ്റും മഴയും ജനനവും മരണവും.....പറഞ്ഞ് തീരും മുമ്പേ ആ നവമ്പറിനെ സാക്ഷിനിര്‍ത്തി, ചെറിയ കാലയളവിലെ വലിയ സൌഹൃദം ബാക്കിവെച്ച്, അവന്‍ അകലങ്ങളിലേക്ക് പോയിരുന്നു.അന്നാ സുഹൃത്തിന്‍റെ വിയോഗത്തില്‍ അനുതപിക്കാന്‍ അലങ്കരിച്ച മേശക്ക് ചുറ്റും കൊച്ചു കൊച്ച് ഗ്ലാസുകളുമായി ഞങ്ങളിരുന്നു. മരണം ‘ആഘോഷി‘ക്കുന്നതിന് കറുത്ത വസ്ത്രം വേണമെന്ന് എനിക്കന്ന് വരെ അറിയില്ലായിരുന്നു.എന്‍റെയുള്ളിലെ മരണം എന്നും വെളുത്ത വസ്ത്രങ്ങളും തുളയുള്ള ശിരോവസ്ത്രവുമണിഞ്ഞതായിരുന്നു. കറുത്ത വസ്ത്രത്തിന്‍റെ അഭാവം ആ മേശയില്‍ എന്നെ ജാള്യനും നിശ്ശബ്ദനുമാക്കി. അതേ മേശക്ക് മറ്റൊരു കോണിലെ പൂച്ചക്കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞിരുന്നില്ല.

അതേ മഞ്ഞ് കാലം ആ പൂച്ചക്കണ്ണുകളെന്‍റേതാക്കിമാറ്റി.ആ കണ്ണുകളുടെ തെളിമ എന്‍റെ കാഴ്ചക്ക് മേലെ തിമിരം പോലെ പടര്‍ന്നു.അടര്‍ത്തിമാറ്റാന്‍ തുനിഞ്ഞപ്പോഴൊക്കെ സ്വയം പറഞ്ഞു, ഇനിയും ഒരു മഞ്ഞ് കാലമാകട്ടെ.
അതൊരു സത്യമായിരുന്നു. അറം പറ്റിയ സത്യം.

മറ്റൊരു മഞ്ഞ് കാലത്ത്, ജനലിനും കട്ടിളക്കുമിടയില്‍ കടലാസും പഞ്ഞിയും ചേര്‍ത്തൊട്ടിക്കാന്‍ മറന്ന് പോയ സൂക്ഷ്മ ദ്വാരങ്ങളിലൂടെ ചൂളമടിച്ച് കയറുന്ന കൊടും തണുപ്പിന്‍റെ കാറ്റേറ്റ് കിടക്കുമ്പോഴാണ് ഏകസഹോദരിയുടെ വിവാഹക്കാര്യം ചെവിയിലെത്തുന്നത്.സുഹൃത്തെന്നോ സഹോദരിയെന്നോ ആദ്യ വിശേഷിപ്പിക്കേണ്ടതെന്നറിയാത്ത അവളുടെ വിവാഹം ആദ്യം വിരിഞ്ഞ ആനന്ദാശ്രുവുമായി അന്നത്തെ മഞ്ഞിനൊപ്പം പെയ്തൊഴിഞ്ഞു.

ഓര്‍മ്മകളില്‍ മഞ്ഞ് കാലത്തോട് ഞാനൊരിക്കലേ പിണങ്ങിയിട്ടൊള്ളൂ.അക്കാലങ്ങളില്‍ മഞ്ഞിന് ഇന്നേക്കാളും കടുപ്പമുണ്ട്.ആഗോളതാപനം അതിനെയുരുക്കാന്‍ മാത്രം കഠിനപ്പെട്ടിട്ടില്ലായിരുന്നു.ഓര്‍ക്കാനറക്കുന്ന കാലം.കനമേറിയ ബൂട്ടുകള്‍ കൊണ്ട് വെറുതെ ഞാന്‍ മഞ്ഞ് കട്ടകളെ ചവട്ടിയരച്ച് കൊണ്ടിരുന്നു.അത് യുവത്വമായിരുന്നത്രേ! ഒരു മഞ്ഞ് കാലത്ത് , സുരതത്തിന്‍റെ ആലസ്യത്തില്‍ അലിഞ്ഞൊലിക്കുന്ന മഞ്ഞ് മലകളുടെ നിമ്നോന്നതികളില്‍ ചേര്‍ന്ന് കിടക്കുമ്പോഴാണ് അതേ സഹോദരിയുടെ വിവാഹമോചനം ഒരു ഞെട്ടലായി ഞാനറിയുന്നത്.മഞ്ഞ് മലകളുടെ കഥകള്‍ക്ക് ചെവികൊടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആദ്യമായി ഭാഷയോടും ദേശത്തോടും അന്യത തോന്നി.മഞ്ഞിനോടും.ആദ്യത്തെ വെറുപ്പ്.

പിന്നെ നേട്ടങ്ങളുടെ മഞ്ഞുകാലം, ദേശാന്തരങ്ങളിലെ വിലാസങ്ങളും ആസ്വദിക്കപ്പെട്ടിരുന്ന തിരക്കും എന്നെ അഹങ്കാരിയാക്കിയതില്‍ മഞ്ഞ് കാലത്തെ കുറ്റം പറയാതിരിക്കുന്നതാണ് ശരി.മഞ്ഞ് മറന്നു, മഴ മറന്നു, നന്ദ്യാര്‍വട്ടവും മുല്ലയും പിച്ചകവും മറന്നു.

മണ്മറഞ്ഞ സുഹൃത്ത് ദൈവത്തിന്‍റെ മഞ്ഞ് കാല കലണ്ടര്‍ മാത്രം എനിക്കായി മാറ്റിവെച്ചു.പെയ്യുന്ന മഞ്ഞിനോടൊപ്പം സന്തോഷവും സന്താപവും ഒരു ചലച്ചിത്രത്തിലെന്ന പോലെ വന്നും പോയും കൊണ്ടിരിക്കുന്നു. എല്ലാ വികാരങ്ങളും ഒരു പ്രത്യേകതാളത്തില്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും എന്നറിയാന്‍ പിന്നേയും കുറേ മഞ്ഞ് കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കൊടും ശൈത്യത്തില്‍ ശ്രദ്ധയോടെ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത് മഞ്ഞിനെ വെല്ലുവിളിക്കാന്‍ അശക്തനായത് കൊണ്ടായിരുന്നു. ഋതുഭേദങ്ങളെ പ്രകൃതി തരുന്ന പോലെ ഉള്‍ക്കൊള്ളാന്‍ ആവും പോലെ ഞാന്‍ ശ്രദ്ധിച്ചു.

ആയിടക്കാണ് സമാനചിന്താഗതിക്കാരും മഞ്ഞിനെ സ്നേഹിച്ചവരുമായ ഒരു പറ്റം മൈക്രോബുകള്‍ എന്നെ കണ്ടെത്തുന്നത്. ആ മഞ്ഞ് കാലത്തെ കടുത്ത നിരാശയും അതില്‍ നിന്നുടലെടുത്ത അലച്ചിലും എന്നെ വികാരക്ഷോഭങ്ങളില്‍ നിന്നും ഋഷിതുല്യ നിസ്സംഗതയിലേക്കെത്തിച്ചിരുന്നു.ഏതോ പൂര്‍വ്വ ജന്മങ്ങളുടെ കഥ പറയാന്‍ ഘോഷയാത്രയായെത്തിയ മൈക്രോബുകളെ എന്‍റെ ആതിഥ്യമറിയിക്കുന്നതിന് പകരം അപമാനിച്ചിറക്കിവിടാന്‍ ഞാന്‍ തയ്യാറല്ലായില്ല. എന്‍റെ ശ്വാസകോശങ്ങളുടെ ഓരോ അറകളും ഞാനവര്‍ക്കായി തുറന്ന് കൊടുക്കട്ടെ. ഈ ആശുപത്രികിടക്കയില്‍ അധിനിവേശമില്ലാത്ത പ്രയാണമായി അവരെന്നില്‍ നിറയട്ടേ.അവരതില്‍ നന്ദ്യാര്‍വട്ടമായും പിച്ചകമായും മുല്ലയായും ആകൃതി പ്രാപിക്കുന്ന തുളകളിടട്ടെ.

ഇത്രയുമായിരിക്കേ, ആശുപത്രി ജാലകങ്ങള്‍ക്കപ്പുറത്ത്, തെളിഞ്ഞ സൂര്യനേയും വകവെക്കാതെ അപ്പൂപ്പന്‍ താടി പോലുള്ള നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. ചില്ലുപാളികള്‍ക്ക് തടുക്കാനാവാതെ അവ താന്താങ്ങളുടെ ഏറ്റവും സമ്മതനായ ആരാധകന്‍റെ ശരീരമാസകലം പൊതിഞ്ഞു.കാലുകളില്‍ നിന്നരിച്ച് തുടങ്ങിയ തണുപ്പിനെ വകവെക്കാതെ ഞാന്‍ ഏന്തിവലിഞ്ഞ് മേശക്കലണ്ടറില്‍ ഒക്ടോബറിന്‍റെ ഏട് പറിച്ച് വലിച്ചു. വീണ്ടും ഒരു നവമ്പര്‍.
=അന്ത്യം=

Labels: , ,

20 Comments:

Blogger തണുപ്പന്‍ said...

നവമ്പര്‍

7:31 AM  
Blogger Rasheed Chalil said...

തണുപ്പന്‍‌ജീ ഒത്തിരി ഇഷ്ടപെട്ടുപോയി ഈ പോസ്റ്റ്.

ആത്മാവുകളുടെ ഓര്‍മ്മയാണത്രെ നംവബര്‍... ഇന്നലെ ഒരു സുഹൃത്ത് ഇങ്ങിനെ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു ചിന്തയായിരുന്നു. ഉറ്റവരുടെ ഉടയവരുടെ ആത്മാവിന്റെ യാത്രയാക്കാന്‍ എല്ലാവരും മനസ്സില്‍ മൂന്ന് പിടി മണ്ണ് ബാക്കിവെച്ചിട്ടില്ലേ. ഒത്തിരിപേര്‍ക്കായി ഞാനും എനിക്കായി ഒത്തിരിപേരും. ആര്‍ക്കറിയാം ആര്‍ക്കെല്ലാം അതില്‍ പങ്കെടുക്കാനാവുമെന്ന്.

7:46 AM  
Blogger Adithyan said...

നഷ്ടങ്ങളെ ഞാന്‍ എന്റെ ഹൃദയത്തിലടുക്കിയിരിക്കുന്നത് മാസങ്ങളുടെ അറകളില്‍ വിഭജിച്ചല്ല. കാലദേശങ്ങള്‍ക്ക് മുകളിലായി, അവയ്ക്കതിതമായി പൊങ്ങിക്കിടക്കുന്നവയാണ് എന്റെ സ്വകാര്യ നഷ്ടങ്ങളെക്കുറിച്ചുള്ള എന്റെ സ്വകാര്യ ചിന്തകള്‍.

എങ്കിലും തണുപ്പാ, ഇഷ്ടമായി ഈ പരിവേദനം. മഞ്ഞിനെ സ്നേഹിച്ചതും, മഞ്ഞിനെ ചുംബിച്ചതും മഞ്ഞിനെ വെറുത്തതുമായ ഈ പതംപറച്ചില്‍...

8:07 AM  
Blogger മുസ്തഫ|musthapha said...

തണുപ്പാ, വളരെ ഇഷ്ടമായി നവംബര്‍...


താങ്കളുടെ ഭാഷയും ശൈലിയും അതിമനോഹരം.

ഭാവുകങ്ങള്‍!

8:22 AM  
Blogger Abdu said...

തണപ്പിക്കാന്‍ മറന്ന ചില ഡിസംബറുകളുണ്ടെനിക്ക്, പ്രകൃതി എന്റെ സ്വര്‍ഥതയുടെ നിഴലല്ലെന്നാണ് അന്നെന്റെ സുഹൃത്ത് അതിനെകുറിച്ച് പറഞ്ഞത്, കാലവും പ്രകൃതിയും എന്റെകൂടെ നടക്കാന്‍ തുടങ്ങിയത് അന്ന് മുതലാണ്, എനിക്ക് ഒരു കാമുകിയെ കൂടി കിട്ടുകയായിരുന്നു, ഏറ്റവും സ്വഭാവികമായും സര്‍ഗാത്മകമായും എന്നെ പ്രണയിക്കുന്ന കാമുകി,

നന്ദി തണുപ്പാ, എന്റെ ഓര്‍മകളില്‍‍ മഞ്ഞിന്റെ കുളിരായാതിന്,

-അബ്ദു-

9:14 AM  
Blogger സുല്‍ |Sul said...

ഓരോ മനുഷ്യനുമെന്ന പോലെ ദൈവത്തിനും ഒരു കലണ്ട്റുണ്ടത്രേ, അതില്‍ താളുകള്‍ മറിക്കുമ്പോള്‍ പ്രണയവും വിരഹവും പൂക്കളും പഴുത്തിലകളും കരിയിലകളും മഞ്ഞും, കാറ്റും മഴയും ജനനവും മരണവും.....

താങ്കളുടെ എഴുത്ത് വളരെ നന്നായിരിക്കുന്നു. ആശംസകള്‍.

9:37 AM  
Blogger ചില നേരത്ത്.. said...

നവമ്പറിന്‍ ജീവിതത്തോടുള്ള ഇഴപിരിയാനാകാത്ത ബന്ധം, ലളിതമായി പറഞ്ഞിരിക്കുന്നു. പക്ഷേ തണുപ്പന്റെ മറ്റ് രചനകളുടെ ഭംഗിയാണിതില്‍ നിഴലിക്കുന്നത്.

4:55 PM  
Blogger mariam said...

തണുപ്പന്‍,
“നീ ഏറെ ഇഷ്ടപ്പെടുന്ന ഒന്നില്‍ നിന്റെ മരണം പതിയിരിക്കുന്നു” എന്ന് എന്നെ ഓര്‍മിപ്പിച്ചു നവമ്പര്‍.

(ഞാന്‍) ഓട്ടോക്കാരന്‍ ഓട്ടോക്കാരന്‍ :-
കുറച്ചു മുന്‍പു വരെ ജയറാം, മനോജ് ജയന്‍, തോക്ക് ഗോപി എന്നിവരുടെ സിനിമകളില്‍ അവര്‍ നടന്നു വരുമ്പോള്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങും മുന്‍പെ അവരുടെ “വെളുവെളുത്ത് നല്ല ഉയരമുള്ള ആക്ഷന്‍ ഷൂ“ അഭിനയിച്ചു തുടങുമായിരുന്നു. രാത്രി ചൂട്ട് വീശി പോകുന്നവരെ പോലെ.
മൈക്രോബ് എന്നു വായിച്ചപ്പോള്‍ അതോര്‍മ വന്നു. (ലാലു അല‍ക്സിയതാണേ..)

-മറിയം-

5:26 PM  
Blogger Unknown said...

തണുപ്പാ,
അതിമനോഹരമായിരിക്കുന്നു. ഇങ്ങനെ എഴുതാന്‍ കഴിഞ്ഞെങ്കില്‍ എന്ന് മോഹിച്ച് പോകുന്നു.

നവമ്പര്‍ എനിക്കും പ്രിയപ്പെട്ട മാസമാണ് മഞ്ഞിന്റെ അകമ്പടിയില്ലെങ്കിലും.

6:28 PM  
Blogger Kaippally said...

കൊള്ളാം. നല്ല വര്ണനകള്‍, നല്ല ഭാഷ.

8:11 PM  
Blogger sreeni sreedharan said...

ലളിതം, ശക്കം.
വളരെയിഷ്ടപ്പെട്ടൂ... :)

9:26 PM  
Blogger വേണു venu said...

മഞ്ഞില്‍ വിരിഞ്ഞ ഒരു പൂവു തന്നെ ഈ പോസ്റ്റും.
ലളിതമായ ഭാഷയില്‍ അനുഭവങ്ങളെ കൈമുദ്രകളാക്കി അവതരിപ്പിച്ചിരിക്കുന്നു.
ഭാവുകങ്ങള്‍.

10:04 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആത്മാവിന്‍റെ ഭാഷ.

മഞ്ഞിന് ജീവിതത്തെ ഇത്രയ്ക്കു സ്വാധീനിക്കാനാവുംന്ന്
അറിയില്ലായിരുന്നു. അല്ലെങ്കില്തന്നെ മഞ്ഞില്പുതഞ്ഞ ഈ വരികളില്‍ നിന്നും ജീവിതം വേര്‍തിരിച്ചെടുക്കുന്നതെങ്ങിനെ? വായനയിലെവിടെയോ വച്ച് രണ്ടും ഒന്നായിത്തീര്‍ന്നില്ലേ!

7:10 AM  
Blogger Unknown said...

തണുപ്പാ, നവംബര്‍ ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെയും പ്രിയപ്പെട്ട സമയമാണ് നവംബറില്‍ മഴ കഴിയുമ്പോഴുള്ള കാലം, ശരിക്കു പറഞ്ഞാല്‍ മലയാളിയുടെ വൃശ്ചികം.

8:00 PM  
Blogger bodhappayi said...

ഭംഗിയുള്ള ഭാഷ തണുപ്പാ, മനോഹരമായ വിവരണം.

3:42 PM  
Blogger Vssun said...

ഓടോ:

തണുപ്പാ,

കള്ളനെ പോലിസാക്കുന്ന സാധനം തരാം പക്ഷെ അതു ഓണ്‍ലൈന്‍ അപ്ഡേഷന്‌ ഫലം ചെയ്യില്ല.. ഞാന്‍ സര്‍വീസ്‌ പാക്ക്‌ 2 ഇടാന്‍ വേണ്ടിയാണ്‌ അത്‌ ഉപയോഗിച്ചത്‌.. ഇന്ന് സിഡി തപ്പിയിട്ട്‌ കാണുന്നില്ല..ആവശ്യമെങ്കില്‍ നാളെ തരാംട്ടോ.. സോറി

9:17 PM  
Blogger Vssun said...

പോസ്റ്റ് ഇട്ട അന്നു തന്നെ വായിച്ചതായിരുന്നു.. കമന്റ് ഇടാന്‍ വിട്ടു.. നന്നായിട്ടുണ്ട്ട്ടോ..

9:21 PM  
Blogger Tedy Kanjirathinkal said...

ഒത്തിരി ഇഷ്ടപ്പെട്ടൂ, തണുപ്പാ...

നവംബര്‍ എന്റെയും പ്രിയമാസം... എപ്പോഴും എന്നിലേയ്ക്ക് അവന്‍ കടന്നുവരുന്നത് ശീതമാരുതനില്‍ പൊതിഞ്ഞ ഒരു പനിയുമായാണെങ്കിലും, ഡിസംബറിലെയും ജനുവരിയിലെയും മഞ്ഞിന്റെ തണുപ്പിനെ ഭയം കൂടാതെ സമീപിയ്ക്കാന്‍ അവന്‍ എന്നെ ഒരുക്കുന്നു...

നവംബര്‍... 5 മണിയാകുമ്പോള്‍ വീഴുന്ന ഇരുട്ട്... മുടങ്ങാതെ വൈകുന്നേരം ക്രീക്കിനു ചുറ്റും ജോഗ് ചെയ്തിരുന്നവര്‍ ഓരോരുത്തരായി പിന്‍‌വലിയുന്നു... ഞാന്‍ മാത്രം ഒരു ജാക്കറ്റും വലിച്ചു കേറ്റി, ജീന്‍സിന്റെ പോക്കറ്റില്‍ കൈയ്യും തിരുകി, ഓളം തട്ടുന്ന ക്രീക്കിന്റെ കരയില്‍ പതുങ്ങിയിരിയ്ക്കുന്ന താറാവുകളേയും നീര്‍നായ്ക്കളെയും നോക്കി സാ-മട്ടില്‍ അങ്ങനെ നടക്കും... അരിച്ചു കേറുന്ന തണുപ്പ് ഒരു സുഖമാക്കി, “ശിശിരമേ” എന്ന പാട്ടും മൂളി....!

9:44 PM  
Blogger കരീം മാഷ്‌ said...

"ആശുപത്രി ജാലകങ്ങള്‍ക്കപ്പുറത്ത്, തെളിഞ്ഞ സൂര്യനേയും വകവെക്കാതെ അപ്പൂപ്പന്‍ താടി പോലുള്ള നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. ചില്ലുപാളികള്‍ക്ക് തടുക്കാനാവാതെ അവ താന്താങ്ങളുടെ ഏറ്റവും സമ്മതനായ ആരാധകന്‍റെ ശരീരമാസകലം പൊതിഞ്ഞു.കാലുകളില്‍ നിന്നരിച്ച് തുടങ്ങിയ തണുപ്പിനെ വകവെക്കാതെ ഞാന്‍ ഏന്തിവലിഞ്ഞ് മേശക്കലണ്ടറില്‍ ഒക്ടോബറിന്‍റെ ഏട് പറിച്ച് വലിച്ചു. വീണ്ടും ഒരു നവമ്പര്‍".

തണുപ്പന്‍,
വളരെ നന്നായിരിക്കുന്നു ഈ വരികള്‍. മഞ്ഞിലേക്കും കുഞ്ഞു തണുപ്പിലേക്കും കൂട്ടികൊണ്ടുപോയ കുളിരുള്ള ഒരു വായന. മനോഹരം.
ഇനി ഡിസംബറിനെ കുറിച്ചെഴുതൂ.

2:00 AM  
Blogger ദേവന്‍ said...

റഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യൂയേയീ ബൂലോഗ കൂട്ടായ്മയുടെ പ്രതിനിധിയായെത്തുന്ന മാ. രാ. രാ. ശ്രീ. കുറുമാന്‍ അവര്‍കളെ കുട, വടി, മുറുക്കാന്‍ ചെല്ലം, മടിപ്പുറം, സ്വെറ്റര്‍, ഫില്‍റ്റര്‍ അടക്കം എയര്‍പ്പോര്‍ട്ടില്‍ കൊണ്ടു ചവിട്ടിത്തള്ളിയിട്ടുണ്ട്‌. ഉരുപ്പടി കൈപ്പറ്റി രശീതി എഴുതിത്തരാനും ചടങ്ങു കഴിഞ്ഞ്‌ കേടുപാടു കൂടാതെ തിരിച്ചു തരാനും താല്‍പ്പര്യപ്പെടുന്നു.

12:58 AM  

Post a Comment

<< Home

inblogs.net