Wednesday, July 25, 2007

ഛിദ്രം

ഒന്നാമത്തേയും രണ്ടാമത്തേയും പ്രണയങ്ങള്‍ അതിദാരുണമായി കരിന്തിരി കത്തിയെരിഞ്ഞമര്‍ന്ന ശേഷമുള്ള ആദ്യത്തെ മഴക്കാലത്ത്,കൃത്യമായിപ്പറഞ്ഞാല്‍ ഇടത്തേകൈയില്‍ മുന്‍കൈയും കൈയും ചേരുന്നിടത്തില്‍ മാര്‍ദ്ദവമേറിയ, സൃഷ്ടാവ് പേശികള്‍ പിടിപ്പിക്കാന്‍ മറന്ന് പോയ, ഏതാനും ധമനികളുടെ കവലയില്‍ ആദ്യത്തെ കത്തി സ്പര്‍ശമേല്‍ക്കുന്നതിനും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് മൂന്നാമത്തെ പ്രണയം സംഭവിക്കപ്പെടുന്നത്.

വിളിക്കപ്പെടാത്ത, ഏത് നിമിഷവും ഒരു വിദേശരാജ്യത്തിലെ മദാമ്മയുടെ വെളുത്തതൊലിപ്പുറത്തലിഞ്ഞില്ലേതായേക്കാവുന്ന മുന്‍ കാമുകന്‍റെ വൈരാഹ്യത്തില്‍ തളര്‍ന്നിരിക്കുകയായിരുന്നു അവള്‍. അവന്‍റെ മടിയില്‍ വിശ്രമിക്കുന്ന ശിരസ്സിലെ തലോടലവളാസ്വദിക്കുന്നുണ്ടെങ്കിലും മനസ്സിപ്പോഴും ആദ്യപ്രണയത്തിന്‍റെ,എല്ലാ രോമകൂപങ്ങളും ശ്വസിക്കുന്നുണ്ടെന്നറിഞ്ഞ ആ അടച്ചിട്ട മുറിയിലെ രാത്രിയിലായിരുന്നെന്ന് വിദൂരദകളിലേക്ക് നീട്ടിവെച്ച അവളുടെ കണ്ണുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതെല്ലാം കാണുകയും അറിയുകയും ചെയ്യാനുള്ള ബുദ്ധിസാമര്‍ഥ്യമുണ്ടെങ്കെലും അതിന്‍റെ ധൃണതകളെയൊക്കെ തരണം ചെയ്യാന്‍ മാത്രം പ്രണയമെന്ന രോഗം അവനെ കടന്ന് പിടിച്ചിരുന്നതായി പില്‍കാലത്ത് അവള്‍ വെളിപ്പെടുത്തുകയുണ്ടായി.

പൊടുന്നനെ ചില അസംസ്കൃതവാക്കുകളുടെ അകമ്പടിയോടെ വന്ന മുന്‍കാമുകന്‍റെ ഫോണ്‍ കോള്‍ അത് വരെ ആ മനസ്സുകള്‍ക്കിടയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്കുള്ള ഉത്തരമാണ്.

അങ്ങേത്തലയില്‍ നിന്നും വന്ന പഴുത്താലും പുളിക്കുന്ന വാക്കുകള്‍ കേട്ട ശേഷം അവന്‍റെ മടിയില്‍ നിന്നെഴുന്നേറ്റ്, ഒന്ന് മൂരി നിവര്‍ന്ന്, കണ്ണുകളിലേക്ക് ഒരേയൊരു നിമിഷമെങ്കിലും നോക്കി നില്‍ക്കാന്‍ മിനക്കെടാതെ അവന്‍റെ മേല്‍ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുകയും ‘ഐ‘ -‘ലവ്’- ‘യു’ എന്നിങ്ങനെ മൂന്ന് വാക്കുകളില്‍ തന്‍റെ ഉള്ളിലെ എന്തെന്നറിയാത്ത(അത് പ്രണയമായിരുന്നില്ലെന്നുറപ്പ്) വികാരം അവനില്‍ നിക്ഷേപിക്കുകയുമാണ് സംഭവിച്ചത്.

അവളുടെ കണ്ണുകള്‍ വിളറി ലാസ്യമായിരുന്നു. ഇടക്കിടെ ഓക്കാനവുമുണ്ടായിരുന്നു.

“ഇലിയാ..നിന്‍റെ സ്നേഹം നീ എന്നില്‍ നിറക്കുക”

ഇത്രയും വാക്കുകളിലൂടെ അവള്‍ അവസാനത്തെ പ്രതിരോധവും ഇലിയക്കുമുന്നില്‍ അടിയറവെച്ചു.

“ഇലിയാ, നീയെന്നെ സ്നേഹിക്കുക. “

ഇലിയ- ഒരു മാന്ത്രികന്‍ . അവന്‍റെ കണ്ണുകളില്‍ കാന്തങ്ങളും കൈകള്‍ കാന്തത്തരികളുമുണ്ടെന്നവള്‍ വിശ്വസിച്ചു. അവന്‍റെ കൈകള്‍ അടിവയറ്റില്‍ പതിയുമ്പോള്‍ മേല്‍ വയറില്‍ നിന്നുയരുന്ന വേദനകളെല്ലാം ഒരു നിശ്വാസത്തോടൊപ്പം വിസര്‍ജ്ജിക്കപ്പെട്ടു.കവിളുകളില്‍ നിന്നും തുടങ്ങുന്ന സ്പര്‍ശം മാറിടങ്ങളെത്തും മുമ്പേ ദുഷ്ചിന്തകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടു.അവളുടെ ഓരോ നാഡിമിടിപ്പികളുടേയും എണ്ണമെടുക്കുന്നവന്‍.

അവളുടെ ഉള്ളില്‍ വളരുന്ന ജീവനെ ചുരണ്ടിയെടുക്കാന്‍ മാത്രം ത്രാണി അവനില്‍ അവശേഷിപ്പില്ലെന്നറിഞ്ഞിട്ടും എന്തിനാണവള്‍ അവിടെത്തന്നെ വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മുന്‍ കൂട്ടി നിശ്ചയിക്കപ്പെടാത്ത സമയത്തോ സാഹചര്യത്തിലോ രണ്ട്പേര്‍ കണ്ട്മുട്ടുമ്പോളാണോ മഹാനഗരങ്ങളില്‍ ആകസ്മികത സംഭവിക്കപ്പെടുന്നത്?

ഇലിയാ... എന്നില്‍ നിന്നും ഈ വൃത്തികെട്ട കുരുപ്പിനെ ഒഴിവാക്കിത്തരൂ....

എന്നാലും , ഈ അസമയത്ത്? പാതി അവന്‍റെയെന്നാലും പാതി നിന്‍റേതു തന്നല്ലേ?

വൃത്തിഹീനമെന്ന് കരുതുന്ന ചുറ്റുപാടുകളില്‍ വീണ്ടും വീണ്ടും കൈകള്‍ കഴുകുക എന്നത് നമ്മള്‍ നമ്മെ തന്നെ വഞ്ചിക്കാനുപയോഗിക്കുന്ന ഏറ്റവും ലളിതമായ പദ്ധതികളിലൊന്നല്ലോ। കൈകളുടെ വിശുദ്ധി പരിസരത്തെ ശുദ്ധീകരിക്കയില്ലെന്നറിഞ്ഞാലും നമ്മള്‍ കൈകള്‍ കഴുകിക്കൊണ്ടേയിരിക്കും। ഐസോ പ്രൊപയില്‍ സൊല്യൂഷനില്‍ കൈകള്‍ കഴുകി ഇലിയ ‘സ്റ്റെറിലൈസെഡ്‘ എന്നുറപ്പാക്കൈയ കൈയുറകള്‍ ധരിച്ചു.

വരിക. ഈ ഇരുമ്പുമേശയില്‍ നിന്‍റെ കാലുകളകറ്റി വെക്കുക.....നീല ഒറ്റ കുപ്പായത്തില്‍ ആ രാത്രികളേക്കാള്‍ നീ സുന്ദരിയായി തോന്നുന്നു.തീര്‍ത്തും വിശുദ്ധയായ മറിയ തന്നെ നീ..

"ഇല്ല, മറിയാ, എനിക്കതിനാവില്ല. "

മറിയക്കറിയാം,എവിടെ തൊട്ടാല്‍ അവനുരുകുമെന്ന്.

"ഇലിയാ....പ്ലീസ്, എനിക്കറിയാം, നിന്നെ കുറിച്ചോളം അതികഠിനമാവുമിത്, എങ്കിലും ഇലിയാ,ഈ വൃത്തികെട്ട കുരുപ്പില്‍ നിന്നുമെനിക്ക് പാപമോക്ഷം നല്‍കാന്‍ മാത്രം കാരുണ്യം നിന്‍റെയീ കാന്ത കൈകളിലല്ലാതെ എവിടെയുണ്ട്? "

മനസില്ലാ മനസോടേ അവന്‍ കാനുലയും ക്യൂരെറ്റും(1) കൈയിലെടുത്തു. ളോഹയെന്ന പോലെ വൈറ്റ് കോട്ടുമിട്ട്, വിശുദ്ധവും പ്രാര്‍ഥനാപരവുമായ ഒരു അനുഷ്ടാനത്തില്‍ പങ്കെടുക്കുന്നത്രയും നിര്‍വ്വികാരമായി, ഉള്ളിലെ നനഞ്ഞ ചൂടില്‍ അതിസുരക്ഷിതം എന്നു കരുതിയുറങ്ങുന്ന ജീവനെ ഒന്നു തൊട്ട് നോക്കി. പിന്നെ കൃത്രിമമായ ഒരു സൌമ്യതയോടെ അതിന്‍റെ വേദന അവളറിയരുതെന്ന വാശിയുമായി പതുക്കെ ചുരണ്ടിയെടുക്കാന്‍ തുടങ്ങി. തുടുത്ത ചോരക്കഷണങ്ങള്‍ക്ക് പോലും വേദനിക്കരുതെന്ന് കരുതി , കരുതലോടെ .....

പൊടുന്നനെയായിരുന്നു ക്യൂരെറ്റില്‍ ഒരു കൊച്ചു കൈപത്തി പറ്റിപ്പിടിച്ച് വന്നത്. യാത്ര പറയുന്ന പോലെ ആ കൈപത്തികള്‍ ഇലിയക്ക് നേരെ ഒരു പ്രത്യേക താളത്തില്‍ കൈകളാട്ടി. ഉള്ളില്‍ നിന്നും തികട്ടിവന്ന നിലവിളി പൂര്‍വ്വകാല രാത്രികളുടെ അന്ധകാരതയില്‍ തട്ടി പ്രതിധ്വനിച്ച് തിരിച്ച് വന്ന്, പുറത്തേക്കൊഴുകാന്‍ കഴിയാത്ത അസ്വസ്ഥതയില്‍ ഉള്ളില്‍ തന്നെ മരിച്ചു. മരിക്കും മുന്നേ അതുയര്‍ത്തിയ ആന്ദോളനങ്ങളില്‍ നിന്ന് ഊര്‍ജ്ജം കടമെടുത്ത്, വേദനകളെ മറന്ന് ഭ്രാന്തമായ ഒരു ചടുലതയോടെ അവനെല്ലാം ചുരണ്ടിയെടുത്തു.

സക്ഷന്‍ അപ്പാരറ്റസിന്‍റെ സുതാര്യമായ കുഴലുകളിലൂടെ ചോരയില്‍ കുതിര്‍ന്ന മാംസക്കഷണങ്ങള്‍ ആദ്യരോദനം പോലെ കലപില കൂട്ടി കടന്നുപോയി.

മരിയ- ഒബ്സര്‍വേഷന്‍ ടേബിളില്‍ ആശ്വസത്തിന്‍റെ ലഹരിയില്‍ പാതിമയക്കത്തില്‍ കിടന്നു.

ഇലിയ നേരെചെന്ന് ക്യാബിനു മുന്നില്‍ ഡു നോട് ഡിസ്റ്റര്‍ബ് എന്ന സ്റ്റിക്കറൊട്ടിച്ചു. ജനലുകള്‍ക്ക് പുറകില്‍ ആര്‍ത്ത് പെയ്യുന്ന മഴയില്‍ തുള്ളിക്കളിക്കുന്ന അനേകം കൊച്ച് കൈപത്തികള്‍ അവനെ നോക്കി കൈകള്‍ ചലിപ്പിച്ചു. കസേരയില്‍ ഒന്നു കൂടി ആശ്വസകരമായ ഇരിപ്പുറപ്പിച്ച് അവന്‍ വലതു കൈയില്‍ സ്കാല്പലെടുത്തു(2). പിന്നെ ഇടത്തേകൈയില്‍ മുന്‍കൈയും കൈയും ചേരുന്നിടത്തില്‍ മാര്‍ദ്ദവമേറിയ, സൃഷ്ടാവ് പേശികള്‍ പിടിപ്പിക്കാന്‍ മറന്ന് പോയ, ഏതാനും ധമനികകളുടെ കവലയില്‍ അതി സമ്മര്‍ദ്ദത്താല്‍ ഒഴുകികൊണ്ടിരുന്ന രക്തത്തിന് സ്വാതന്ത്ര്യം കൊടുക്കാന്‍ ഒരു കൊച്ച് തുളയിട്ടു. എന്നിട്ട് കുതിച്ച് ചാടുന്ന രക്ത പ്രവാഹം കൊണ്ട് മേശപ്പുറത്ത് കൊച്ച് കൊച്ച് കൈപത്തികള്‍ വരക്കാന്‍ തുടങ്ങി.

(1) ഗര്‍ഭഛിദ്രത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍.
(2) ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കാറുള്ള കത്തി.

Labels: ,

15 Comments:

Blogger തണുപ്പന്‍ said...

"ഛിദ്രം"

12:22 PM  
Blogger Rasheed Chalil said...

തണുപ്പാ... വായിച്ചു. കുറേ കാലത്തിന് ശേഷമാണല്ലോ വീണ്ടും.

ഇതിന് വാല്‍കഷ്ണമായി ഒരു കമന്റും വരുന്നില്ല.മനസ്സില്‍ ഒരു തരം ഇരുണ്ട ശൂന്യത. എവിടെയൊക്കെയോ എന്തൊക്കെയോ ബാക്കി വെക്കുന്നുണ്ട് നിന്റെ വരികള്‍.

ഇഷ്ടമായി...

12:54 PM  
Blogger സാല്‍ജോҐsaljo said...

വഴിവിട്ട ആധുനികതയുടെ വിഴുപ്പിന്റെ ശാസ്ത്രം, കത്തികൊണ്ട് കുത്തിയൊഴുക്കിയത് സ്വന്തം ചോര!

..................
മാഷെക്കുറിച്ച് കേട്ടറിവുമാത്രമേ ഉള്ളൂ. പരിചയപെടാന്‍ കഴിഞ്ഞില്ല. കണ്ടതില്‍ സന്തോഷം.

:)

1:39 PM  
Blogger മുസ്തഫ|musthapha said...

‘...ക്യൂരെറ്റില്‍ ഒരു കൊച്ചു കൈപത്തി പറ്റിപ്പിടിച്ച് വന്നത്. യാത്ര പറയുന്ന പോലെ ആ കൈപത്തികള്‍ ഇലയക്ക് നേരെ ഒരു പ്രത്യേക താളത്തില്‍ കൈകളാട്ടി...‘

തണുപ്പാ... ആധുനികന്‍റെ മനസ്സിനെയും ഗര്‍ഭഛിദ്രത്തേയും നന്നായി പകര്‍ത്തിച്ചിരിക്കുന്നു... എഴുത്തിന്‍റെ ശൈലിയും നന്നായിട്ടുണ്ട്... റഷീദ് പറഞ്ഞത് പോലെ എന്തൊക്കെയോ ബാക്കി വെക്കുന്ന വരികള്‍!

1:45 PM  
Blogger SUNISH THOMAS said...

ലോകാവസാനം വരേയ്ക്കും പിറക്കാതെ
പോകട്ടെ നീയെന്‍ മകനേ
നരകങ്ങള്‍ വാ പിളര്‍ക്കുമ്പോളെരിഞ്ഞു-
വിളിക്കാന്‍ ആരെനിക്കുള്ളൂ
നീയല്ലാതെയെങ്കിലും...!!!


നന്നായിട്ടുണ്ട്.
:)

2:05 PM  
Blogger മഴത്തുള്ളി said...

ശരിക്കും ഈ പോസ്റ്റ് വായിച്ചപ്പോള്‍ വിഷമം തോന്നി.

:(

3:08 PM  
Anonymous Anonymous said...

നിയൊക്കെയാണെടാ എഴുതേണ്ടത്.

3:17 PM  
Blogger കുറുമാന്‍ said...

വരിക. ഈ ഇരുമ്പുമേശയില്‍ നിന്‍റെ കാലുകളകെറ്റി വെച്ച്.....നീല ഒറ്റ കുപ്പായത്തില്‍ ആ രാത്രികളേക്കാള്‍ നീ സുന്ദരിയായി തോന്നുന്നു.തീര്‍ത്തും വിശുദ്ധയായ മറിയ തന്നെ നീ..

ഡാ ക്രൂരാ - നിന്നെ ഞാന്‍ കൊല്ലും :(

കണ്ണു നിറയുന്നു, ചങ്കു പിടക്കുന്നു, മനം നോവുന്നു........ജിബൂ നന്നായി എഴുതിയിരിക്കുന്നെങ്കിലും വേണ്ടിയിരുന്നില്ല

സ്വാഗതം നിന്റെ ബ്ലോഗിലേക്കുള്ള മടങ്ങി വരവ്. പിന്നെ മുളകിട്ടത് കൊണ്ട് വരാന്‍ മറക്കണ്ടട്ടാ നാട്ടിലേക്ക് :)

4:03 PM  
Blogger Haree said...

വായിച്ചു...
എഴുതിയിരിക്കുന്നത് നന്നായിരിക്കുന്നു.
പക്ഷെ, ഒന്നും പറയുവാനില്ല. :|
--

5:04 PM  
Blogger asdfasdf asfdasdf said...

തണുപ്പാ.. ശരിക്കും ടച്ചിങ്..

5:11 PM  
Blogger അപ്പു ആദ്യാക്ഷരി said...

മനസ്സില്‍ത്തട്ടിയ എഴുത്ത്

10:13 AM  
Blogger G.MANU said...

kasaran

12:06 PM  
Blogger കരീം മാഷ്‌ said...

"ഇടത്തേകൈയില്‍ മുന്‍കൈയും കൈയും ചേരുന്നിടത്തില്‍ മാര്‍ദ്ദവമേറിയ, സൃഷ്ടാവ് പേശികള്‍ പിടിപ്പിക്കാന്‍ മറന്ന് പോയ, ഏതാനും ധമനികളുടെ കവലയില്‍"

ആ ബുക്കും കുഴലും കിട്ടിയതിനു ശേഷം എഴുത്തിനു ഒരു വൈദ്യരുചി. അതു കൊണ്ടു ഒരു പുതുമ നന്നായിരിക്കുന്നു

6:26 PM  
Blogger ചില നേരത്ത്.. said...

ഭാഷയുടെ സാങ്കേതികതയില്‍ ഈ കഥയുരുകിയുറ്റിയോയെന്ന് തോന്നിപ്പിയ്ക്കും വിധമാണ് എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ഖണ്ഡികയെ പിടികൂടിയിരിക്കുന്ന അപരിചിതത്വം ഭയാനകമായി കഥയെ ആവേശിച്ചിരിക്കുന്നു.
എന്നാലും , ഈ അസമയത്ത്? പാതി അവന്‍റെയെന്നാലും പാതി നിന്‍റേതു തന്നല്ലേ? ഈ വാചകത്തിലെ സൌമനസ്യം അത്ഭുതപ്പെടുത്തുന്നുണ്ട് ഈ കഥയില്‍.
‘ഛിദ്രത്തിലെ’അവസാനഭാഗം മനോഹരമായി വേദനിപ്പിക്കുക തന്നെ ചെയ്യുന്നുണ്ട്. ഗര്‍ഭത്തിന്റെ ദുരൂഹതയെന്ന പോലെ തോന്നിപ്പിക്കുന്ന കഥയുടെ ആദ്യഭാഗത്തിന്റെ മേല്‍ പ്രതിഭാസ്പര്‍ശത്തോടെ തലോടാന്‍ തണുപ്പനാവുന്നുണ്ട്. നിന്റെ കഥകള്‍ക്ക് അപാരമായ ഏകാന്തതയുണ്ട്. തൊഴിലിന്റെ തിരക്കിനിടയ്ക്ക് അവ നഷ്ടപ്പെടാതിരിയ്ക്കാന്‍ നീ പാട് പെടുക!!

3:34 PM  
Blogger d said...

really touching..

qw_er_ty

7:54 PM  

Post a Comment

<< Home

inblogs.net