Monday, December 18, 2006

കുഞ്ഞാണ്ടി

വാക്കുകളൊരിക്കലും ഇരുമ്പുലക്കകളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് പല്ലാറ് തിരുവാകപ്പുറത്ത് നൂഹ് കണ്ണ് സാഹിബ്.


കുഞ്ഞാണ്ടി ഒരു ഉപഗ്രഹം പോലെ സാഹിബിന് ചുറ്റും തിരിഞ്ഞു.


പ്രായം കൊണ്ടളക്കുകയാണെങ്കില്‍ സാഹിബിനേക്കാള്‍ രണ്ട് വയസ്സിന് മൂപ്പം കൂടും കുഞ്ഞാണ്ടിക്ക്. ഒരിക്കലും കുഞ്ഞാണ്ടി പറഞ്ഞില്ല. കുഞ്ഞാണ്ടി അറിഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി നിറഞ്ഞൊഴുകി. നിലമ്പൂര് കാട്ടില്‍ വേട്ടക്കെന്ന് പറഞ്ഞ് പോയ സാഹിബ് ആയിശയുടെ കുടിയില്‍ അന്തിയുറങ്ങുമ്പോള്‍ റാന്തല് തിരിതാഴ്ത്തി കുഞ്ഞാണ്ടി കാത്തിരുന്നു.

സാഹിബിന് ഭാര്യമാര്‍ രണ്ടെണ്ണമുണ്ടായിരുന്നു. കൌജുവിനെ കെട്ടാന്‍ കാരണം സൌന്ദര്യവും സമ്പത്തുമായിരുന്നെങ്കില്‍ തിത്തിക്കുട്ടിയെ രാക്ക് രാമാനം പള്ളിക്കല്യാണം കഴിച്ചതിന്‍റെ കാരണം സൌന്ദര്യം മാത്രം.


ദാമ്പത്യം നൂഹ് കണ്ണ് സാഹിബിന്‍റെ കുണ്ടലിയിലുണ്ടായിലെഴുതാന്‍ എഴുതിയവന്‍ മറന്നു. ഇബ്രാഹിം കുഞ്ഞിനെ പെറ്റിട്ടശേഷം കൌജുവും അഞ്ച് വയസ്സ് വരെ വളര്‍ത്തിയ ശേഷം തിത്തിക്കുട്ടിയും പരലോകം പൂണ്ടു.


നൂഹ് കണ്ണ് തനിച്ചായി, നൂഹ് കണ്ണ് സാഹിബ് തനിച്ചായില്ല. സാഹിബും കുഞ്ഞാണ്ടിയും തനിച്ചായി. ഇബ്രാഹിം കുഞ്ഞ് (സാഹിബ്) തനിച്ചായി, കളികൂടാന്‍ ആരും കൃത്യമായി പെയ്യിന്‍റടിച്ച ആ നാല് വന്മതിലുകള്‍ക്കുള്ളിലേക്ക് വന്നില്ല. നീലി ഇടക്കിടെ കുഞ്ഞാണ്ടിയുടെ വിരലില്‍ തൂങ്ങി വന്നതൊഴിച്ചാല്‍.

അക്കാലത്താണ് നിലമ്പൂര്‍ ആയിശ വീര്‍ത്തവയറുമായി ചെയ്ത്താന്‍ കുന്നും കയറി സാഹിബിന്‍റെ പല്ലാറ് തിരുവാകപ്പുറത്ത് പടിപ്പുരക്കല്‍ നാട്ടുകാരണവന്മാരുമായി വന്ന് തന്‍റെ സ്ഥാനാര്‍ത്തിത്വം പ്രഖ്യാപിക്കുന്നത്, വാസനപ്പുകയില ചേര്‍ത്ത മുറുക്കാന്‍ ചവച്ചത് ഇറക്കണോ തുപ്പണോ എന്നത് തീരുമാനിച്ചിട്ടാവാം അതിനൊരുത്തരം പറയെലെന്ന ഭാവത്തില്‍ നിന്ന സാഹിബിനെ അമ്പരപ്പിച്ച് കൊണ്ട് ആദ്യമായി സാഹിബിന് മുന്നില്‍ കുഞ്ഞാണ്ടി ഒരു കൊടും കാറ്റായി.


“പ്ഫ! ഇയ്യെന്താടി മൂധേവീ പറേണത്, അന്‍റെ പൊരക്ക് മുന്നില്‍ സാഹിബിന്‍റെ കുതിരവണ്ടിയില് വന്നതും റാന്തല് തിരിതാഴ്ത്തിയതും അന്‍റേ പള്ളേല്ള്ള കുരുപ്പിനെ ഇണ്ടാക്കിയതും ഞാനല്ലേടീ...?”


ചാരായം കുടിച്ച കുഞ്ഞാണ്ടിയുടെ ആക്രോശങ്ങളെപ്പറ്റിയുള്ള അങ്ങാടിക്കഥകള്‍ കേട്ടിരിക്കാമെങ്കിലും അങ്ങനെയൊരു കുഞ്ഞാണ്ടിയെ സാഹിബതുവരെ കണ്ടിട്ടില്ലായിരുന്നു. കൃതജ്ഞതകൊണ്ട് സാഹിബ് വിവശനായി.


ആ ഒരു ചോദ്യവും ഒരിടവേളയുടെ നിശ്ശബ്ദതക്കും ശേഷം ആയിശ വട്ക്കിനിപ്പുറത്തേക്കും നാട്ട് കാരണവന്മാര്‍ പഴം പൊരി, ആട്ടിന്‍പാലൊഴിച്ച ചായ എന്നിടങ്ങളിലേക്കും സ്ഥലം മാറ്റപ്പെട്ടു. പിറ്റേന്ന് ചെയ്ത്താന്‍ കല്ലിന്‍റെ പുറകിലെ മഞ്ഞപൌട്ടയില്‍ നീലീടമ്മ തൂങ്ങിമരിച്ചു.

നീലിപ്പെണ്ണ് കരഞ്ഞു, നീലിപ്പെണ്ണിന്‍റെ കണ്ണീര് കണ്ട് ഇബ്രാഹിം കുഞ്ഞ് മിണ്ടാട്ടം മുട്ടി അവളുടെ കുഞ്ഞ് കൈപ്പത്തികള്‍ അമര്‍ത്തിപ്പിടിച്ചു, കുഞ്ഞാണ്ടിക്ക് വേണ്ടി സാഹിബിന്‍റെ കണ്ണീലും പൊടിഞ്ഞു ഒരിറ്റ് പൊടിക്കണ്ണീര്‍.

കുഞ്ഞാണ്ടി കരഞ്ഞില്ല,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി സുകൃതം കൊണ്ട് സമൃദ്ധനായി.ചാത്തം കഴിഞ്ഞന്ന് രാത്രി മുറുക്കാനിടിക്കാന്‍ കൃത്യതയോടെ കുഞ്ഞാണ്ടിയെത്തി.


ശരീരശാസ്ത്രപരമായിപ്പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഒട്ടൊരു പ്രതീക്ഷക്ക് വകനല്‍കുന്ന തരത്തില്‍ ക്രോമാഗ്നോണ്‍ മനുഷ്യനോട് രൂപസാദൃശ്യം തോന്നിപ്പിക്കും കുഞ്ഞാണ്ടി. അസൂയക്കരൊഴിച്ച് മറ്റുള്ളവര്‍ക്ക് ‍ കുഞ്ഞാണ്ടി വികലാംഗനാണ്.പില്‍ക്കാലത്ത് ‘ദ് കുഞ്ഞാണ്ടി അനോമാലി’‍ എന്ന് നരവംശ ശാസ്ത്രജ്ഞന്‍മാരാല്‍ അറിയപ്പെട്ട ഒരു പ്രത്യേകതരം അംഗവൈകല്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു കുഞ്ഞാണ്ടി, ഇടത്തേ ചെവിയുടെ സ്ഥാനത്ത് ആറാമിന്ദ്രിയം കണക്കെ ഒരു മാംസപിണ്ടം തൂങ്ങിക്കിടക്കുന്ന ഒരു പ്രത്യേക അംഗവൈകല്യം. എന്ന് വെച്ച് കുഞ്ഞാണ്ടിക്ക് യാതൊരു കേള്‍വിക്കുറവുമില്ല, മറിച്ച് ഒരു പ്രത്യേകതരം അമിത കേള്‍വിശക്തിയുണ്ടാക്കിക്കൊടുത്തുതാനും.അടക്കാകളത്തിലെ കണക്കുകളും നാടൊട്ടുക്കുള്ള പാണ്ട്യാലകളിലെ സന്ദര്‍ശനവും കഴിഞ്ഞുള്ള ഇടവേളകളില്‍ പകുതി നിലമ്പൂരില്‍ ആയിശാവേട്ടക്കും പോയി മിച്ചം വരുന്ന സമയത്തിനെ വീണ്ടും വീതിച്ച് ഒരു ഭാഗം പ്രാര്‍ഥനകള്‍ക്കും ഒരു ഭാഗം മുറുക്കാനും ഇനിയുമൊരു ഭാഗം ഉറക്കത്തിനും മാറ്റിവെച്ചപ്പോള്‍ പിന്നെ സാഹിബിന് കൊച്ച് ഇബ്രാനെ നോക്കാനോ എത്ര വയസ്സായെന്നെങ്കിലും ചോദിക്കാനോ സമയമുണ്ടായില്ല.അല്ലെങ്കിലും ആണ്‍കുട്ടികളെ ലാളിച്ചാല്‍ വഷളായിപ്പോകുമെന്ന പരമ്പരാഗത സിദ്ധാന്തത്തിന്‍റെ അനുവര്‍ത്തകനായിരുന്നു സാഹിബ്. ഇടക്കിടെ വാപ്പ കോയിക്കോട്ടങ്ങാടീല്‍ മോനിക്കായി പറഞ്ഞുണ്ടാക്കിച്ചതെന്ന് പറഞ്ഞ് കൊടുത്ത പൊതികളിലെ കറുത്തലുവകളിലൂടെ ഇബ്രാന്‍ വാപ്പയുണ്ടെന്നറിഞ്ഞു. അലുവാക്കഥ കുഞ്ഞാണ്ടിയും ഇബ്രാനുമല്ലാതെ സാഹിബറിഞ്ഞില്ല. അലുവാക്കഷണങ്ങളിലൊന്നെങ്കിലും ആരും അറിയാതെ നീലിപ്പെണ്ണിലും സാന്നിദ്ധ്യമറിയിച്ചു.


പല്ലാറ്റ് കായലില്‍ പോത്ത് പൂട്ട് നടക്കുമ്പോഴാണ് വരിവരിയായി ഒരു പൊതിയും പിടിച്ച് പോകുന്ന കുട്ടികളോടൊപ്പം പോകണമെന്ന വാശി അവനിലുതിച്ചത്. വിദ്യാഭ്യാസം മൌലിവകാശമാണ് - അതാര്‍ക്കും തടുക്കാനാവില്ല എന്ന അറിവില്‍ കൊച്ച് ഇബ്രാഹിം കുഞ്ഞ് ആരും പറയാതെതന്നെ ഗവണ്മെന്‍റ് മാപ്പിള എയ്ഡഡ് ലോവര്‍‍ പ്രൈമറി സ്ക്കൂളില്‍ പോയി ഒന്നാം ബെഞ്ചിന്‍റെ വലത്തേ അറ്റത്ത് ഇരിപ്പുറപ്പിച്ചു.ഇടത്തേവരിയില്‍ ആദ്യബെഞ്ചില്‍ നീലിപ്പെണ്ണും.


കാലത്തിന്‍റെ പ്രധാന ദൌത്യങ്ങളിലൊന്ന് ചിലരില്‍ വാര്‍ദ്ധക്യവും ചിലരില്‍ യുവത്വവും കൊണ്ട് നിറക്കുകയെന്നാണല്ലോ.നീലി പത്തില്‍ പൊട്ടിപ്പോയി, നാരങ്ങാ വലുപ്പത്തില്‍ നെഞ്ചില്‍ ഒരു അനധികൃത പേശി കനം വെച്ചു.ഇബ്രാഹിം കുഞ്ഞ് ജയിച്ചു, ഒരു കോഴിയുടേത് പോലുള്ള ‘കൂറ്റ്’ വന്ന കുറച്ച് നാളുകള്‍ക്ക് ശേഷം ഒച്ചയുറച്ചു.നൂഹ്കണ്ണ് സാഹിബ് നൂഹ്കണ്ണ് ഹാജ്യാരായി, തലമുടി മാറ്റിയുള്ള ഒരധിനിവേശത്തില്‍ കശണ്ടി നിറഞ്ഞു.ഇപ്പൊ നാടൊട്ടുക്ക് പാണ്ട്യാലകളില്ല.ആയിശ ഏതോ വരുത്തന്‍റെയൊപ്പം നാട് വിട്ടു, പഴയ കുരുപ്പ് കുഞ്ഞാണ്ടിയുടെ മേയാത്ത ചെറ്റക്കുടിലില്‍ വേരും പേരുമില്ലാതെ വളര്‍ന്നു.കുഞ്ഞാണ്ടിയുടെ പേശികള്‍ ബലം വിട്ടില്ല.കുഞ്ഞാണ്ടി സമൃദ്ധമായിത്തന്നെ നിറഞ്ഞു.


പത്തില്‍ ഫസ്റ്റ് ക്ലാസില്‍ ജയിച്ചന്നറിഞ്ഞപ്പോള്‍ മുതലാണ് സാഹിബ് ഇബ്രാഹിം കുഞ്ഞിനെ പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയത്. ഇബ്രാഹിം കുഞ്ഞ് ഡോക്ടറാവുന്നതും അതിനകം കൃത്യമായി പെയിന്‍റടിമുടങ്ങിയ മതിലിന് മുന്നില്‍ കറുപ്പില്‍ വെള്ളയക്ഷരങ്ങളിലെഴുതിയ ബോര്‍ഡ് തൂങ്ങുന്നതും സാഹിബിന്‍റെ സ്വപ്നത്തില്‍ ഇടക്കിടെ വന്നു.

സ്വപനമല്ല സത്യം.

ഇബ്രാഹിം കുട്ടി ചാലിയാറില്‍ അയിക്കാടത്ത് കടവിറങ്ങി മാങ്കാവ് ബസ് പിടിച്ച് കോഴിക്കോട്ട് എഞിനീറിങ്ങിന് ചേര്ന്നു.

കോഴിക്കോട് പട്ടണം ഇബ്രാഹിം കുഞ്ഞില്‍ നിറഞ്ഞു,ചരിത്രരേഖകളില്‍ ഇബ്രാഹിം കുഞ്ഞിനെപറ്റിയും നീലിയെപറ്റിയും മറ്റു പരാമര്‍ശങ്ങളൊന്നുമെല്ലെന്നിരിക്കിലും അയാള്‍ ഒരിക്കല്‍ ചില ചുവന്ന പുസ്തകങ്ങളുമായി പിന്നീട് തിരുവാകപ്പുറത്ത് തറവാട്ടിലെത്തിയതായി അറിയാന്‍ കഴിഞ്ഞു. നീലി അയാളെയും കാത്ത് പല്ലാറ് കടവത്ത് റാന്തലും പിടിച്ച് കാത്ത് നിന്നു.പതിവിന് വിപരീതം ഒറ്റക്കരയുള്ള സൂരി മുണ്ടിന് പകരം കാല്‍സറായിയിട്ട് വന്ന അയാള്‍ നേരെ തറവാട്ടില്‍ പോയി,‍ ആദ്യമായി വാപ്പക്ക് മുന്നില്‍ ഞെളിഞ്ഞ് നില്‍ക്കുകയും ഒരു കൊച്ച് പ്രസംഗ നടത്തുകയുമുണ്ടായി. കൃഷിഭൂമി കര്‍ഷകനാണെന്നും, അതിന്‍ പ്രകാരം പല്ലാറ്റ് കായലിന്‍റെ ഇരുവശങ്ങളിലുമായി പടര്‍ന്ന് കിടക്കുന്ന പാടശേഖരം കുഞ്ഞാണ്ടിക്കും നീലിക്കും അവകാശപ്പെട്ടതാണുമെന്നതായിരുന്നു അതിന്‍റെ സാരം.ആ പ്രസംഗത്തോടെ ഇബ്രാഹികുട്ടിയും തിരുവാകപ്പുറത്ത് തറവാടും തമ്മിലുള്ള ബന്ധം അറുക്കപ്പെട്ടു. അതിന് ശേഷം നടക്കാവില്‍ പൂട്ടിക്കിടന്നിരുന്ന നൂഹ് കണ്ണ് ഹാജ്യാര്‍ സാഹിബിന്‍റെ പാണ്ട്യാലയുടെ താക്കോല്‍ സാഹിബറിയാതെ കുഞ്ഞാണ്ടി എഞ്ചിനീറിങ്ങ് കോളേജ് ഹോസ്റ്റലില്‍ എത്തിച്ച് കൊടുത്തു.നാട് വിട്ട നീലിപ്പെണ്ണ് ഇബ്രാഹിം കുഞ്ഞിനോടൊപ്പം കോഴിക്കോട്ടെ പാണ്ടാല്യയില്‍ താമസിക്കുന്നതായും മറിച്ച് തെക്ക് നിന്ന് വന്ന വിപ്ലവകാരി നമ്പൂരിശ്ശ്യന്‍റെ കൂടെ വയനാട് കുന്നില്‍ അടിവാരത്തെവിടെയോ ജീവിക്കുന്നതായും വിത്യസ്ത ചരിത്ര രേഖകളില്‍ കാണാന്‍ കഴിഞ്ഞു.

വേരും പേരുമില്ലാത്തവന്‍ ഗ്രഹണിപിടിച്ച്,പിന്നെ ഒരുനാളുണര്‍ന്ന് ‘അസ്ഥിത്വമെന്നാല്‍ മെഴുകുതിരിപോലാണെന്നും ഇനി പോയാല്‍ ഏഴ് സം‌വത്സരങ്ങള്‍ കഴിഞ്ഞ് കാണാമെന്നും’ പറഞ്ഞ് ചത്ത് കെട്ടതിനും, ചാവ്ശേഷം വേരില്ലാകുന്നിലപ്പന്‍ ഔലിയാ എന്ന പേരില്‍ ജാറം മുളച്ചതിനും വ്യക്തമായ തെളിവുകള്‍ ചരിത്ര രേഖയിലും മാണൂര്‍ ചെയ്ത്താന്‍ കുന്നിലെ കൊടിമരത്തിലുമുണ്ട്.ചരിത്രത്തില്‍ കുഞ്ഞാണ്ടിയെക്കുറിച്ച് ഏറ്റവും മഹത്തായതായി പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൊന്ന് കുഞ്ഞാണ്ടി തന്‍റെ മരണം സാഹിബിന് സമ്മാനിച്ചതിനേക്കുറിച്ചാണ്.പറയത്തക്കതായി ഒന്നും ചെയ്യാത്തവന്‍റെ ജീവചരിത്രമെഴുതുമ്പോഴാണ് ജീവചരിത്രകാരന്‍ എപ്പോഴും ആശയക്കുഴപ്പത്തിനടിപ്പെടുന്നത്.എന്നിരുന്നാലും ഇത്തരം അതീന്ദ്രിയമായ സംഭവങ്ങളെക്കൂറിച്ചുള്ള പരാമര്‍ശങ്ങള്‍ വിട്ട് കളയാന്‍‍ വകതിരിവുള്ള ഒരു ജീവചരിത്രകാരനുമാവില്ല.


ഒരാഴ്ച ‍പോലും മരണക്കിടക്കയില്‍ കിടക്കാതെ കെട്ട് കെട്ടണമെന്നായിരുന്നു സാഹിബിന്‍റെ മരണത്തെക്കുറിച്ചുള്ള അഭിലാഷം. പ്രതീക്ഷകള്‍ തെറ്റിച്ച് അസമയങ്ങളില്‍ വിരുന്ന് വരുന്ന വിരുന്ന് കാരനല്ലോ മരണം. കുളിമുറിയിലെ തറയില്‍ പിടിച്ച ഇച്ചിള് എന്ന് വിളിക്കപ്പെട്ട പായലിന്‍റെ രൂപത്തില്‍ അത് സാഹിബിന് മരണം വരെ കിടക്കാനുള്ള ഒരു കട്ടിലേക്ക് സ്ഥാനഭ്രംശം കൊടുത്തു.

“ഇനിക്ക് തൂറാമ്മുട്ടുന്നു“ എന്ന് പറയുമ്പോള്‍ ഒരു കാസപ്പാത്രം സാഹിബിന്‍റെ പൃഷ്ടത്തിനടിയില്‍ വെക്കേണ്ടിടത്ത് വെച്ച് കൊടുക്കാനും കര്‍മ്മശേഷേ ഡെറ്റോളിട്ട് നനച്ച പരുത്തിത്തുണികൊണ്ട് തുടച്ച് കൊടുക്കാനും കുഞ്ഞാണ്ടിയല്ലാതെ മറ്റൊരു ഭൃത്യനുമാവില്ല. അതും കുഞ്ഞാണ്ടിയുടെ കര്‍മ്മ സുകൃതം.

‘ഹേ അസ്രായീല്‍, എന്നെ നീ എത്രയും പെട്ടെന്ന് കൊണ്ട് പോകൂ, എന്ന ഒരു പുതിയ മന്ത്രം ദസ്-വിയില്‍ ഉരുവിട്ട് അനങ്ങാനാവാതെ സാഹിബ് കിടന്നു.


അന്നേക്ക് ആറാം നാളാണ് തനിക്ക് വേണ്ടിയും ക്രമം ചെയ്ത് വെച്ചിരുന്ന ഒറ്റയടി മരണം പോത്തും പുറമേറി പല്ലാറ്റ് കായലില്‍ കുളിച്ച് കൊണ്ടിരുന്ന കുഞ്ഞാണ്ടിയെത്തേടിയെത്തിയത്.ഒരു സൌഭാഗ്യമായി വന്ന ഒറ്റയടിപ്പ് മരണത്തെ തന്‍റെ യജമാനന് വിട്ട് കൊടുത്ത് അന്നേ ദിവസമാണ് കുഞ്ഞാണ്ടി ചരിത്രത്തില്‍ അതീന്ദ്രിയ സ്ഥാനം ഭദ്രമാക്കിയതും.കുഞ്ഞാണ്ടി അറിഞ്ഞു,കുഞ്ഞാണ്ടി നിറഞ്ഞു, കുഞ്ഞാണ്ടി അലിഞ്ഞു, കുഞ്ഞാണ്ടി കെഞ്ചി, പോത്തും പുറത്തിരിക്കുന്നവനോട് തന്‍റെ മരണം യജമാനന് സമ്മാനിക്കാന്‍ കേണു.ആ സുകൃതന്‍റെ അപേക്ഷയില്‍ അലിവ് തോന്നി പോത്തും പുറത്ത് വന്നവന്‍ തന്‍റെ ചുമതല അസ്രായീലിന് കടം കൊടുത്തു.അന്ന് രാത്രി സാഹിബ് ഒരു സ്പൂണ്‍ കഞ്ഞിയുടെ മുറുക്കിനൊപ്പം ഊര്‍ദ്ധനും വിഴുങ്ങി.

കുഞ്ഞാണ്ടി വീണു, പല്ലാറ്റ് കായലിന്‍റെ കടവില്‍ പൂത്ത് നിന്ന നീര്‍വാള മരത്തിനടിയില്‍, കാലിലെ മണ്ണ് കായലെടുത്ത് നഗ്നമാക്കിയ ഒരു വേരില്‍‍ തലയിടിച്ച്. ഒരു നിദാനത്തിനെന്ന പോലെ പോത്തുംപുറമേറിവന്നവന്‍ കുഞ്ഞാണ്ടിയുടെ മസ്തിഷ്കത്തിലെ ചില ഞെരമ്പുകള്‍ക്ക് ഒരു പ്രത്യേക തരം ക്ഷതം കൊടുത്തു.


ഇതില്‍ പിന്നെ ഇത്രനാളും കുഞ്ഞാണ്ടി കിടപ്പിലാണ്.

Labels: ,

inblogs.net