Tuesday, May 30, 2006

ഇങ്ങനെയും ഒരു കാലം

ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ് ഞാന്‍ ഈ കുറിപ്പെഴുതുനത്
പുറത്ത് സ്പ്രിങ്ങിനും സമ്മറിനും അതിരിടുന്ന മഴ ചിന്നം പിന്നം പാറി പെയ്യുകയാണ്
റൊമാഷ്കയെന്ന മഞ്ഞപ്പൂക്കള്‍ പച്ചപ്പുല്ലിന്‍റെ ബാക്ഗ്രൌണ്ടില്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ട്
നാലാം നിലയിലെ എന്‍റെ ജനലില്‍ നിന്നും നോക്കിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഞാന്‍ കാണുന്ന പേരറിയാത്ത മരം നിറയെ വെള്ളപ്പൂക്കളും ചൂടി നില്‍ക്കുന്നുണ്ട്
ഏഴു വര്‍ഷമായി എല്ലാ ജൂണ്‍ മാസത്തിലും ഞാനിതൊക്കെ ആവര്‍ത്തിച്ച് കാണുന്നുണ്ട്. ഇത്തവണ നേരത്തേ, മെയ്മാസത്തിലേ വന്നു എന്നു മാത്രം.
ഗ്ലോബല്‍ വാമിങ്ങ് എന്നൊക്കെ പറഞ്ഞ് ആളുകള്‍ പരിതപിക്കാറുണ്ട്. എന്നാലും എനിക്കിഷ്ടമാണ് എത്രയും നേരത്തെ വേനല്‍ വന്നെത്തുന്നത്.
എന്താണ് എന്‍റെ മാനസികാവസ്ഥയെന്ന് എനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ല
ഏഴ് വര്‍ഷങ്ങളായി എനിക്കുള്ള എന്തൊക്കെയോ നഷ്ടപ്പെടുന്നത് കൊണ്ടാകാം, നഷ്ടപ്പെടാന്‍ പോകുന്നത് റൊമാഷ്കയോ പേരറിയാമരമോ ഒന്നുമല്ല.
വര്‍ഷങ്ങളായി ഋതുഭേദമില്ലാതെ എന്‍റെ ജീവിതതില്‍ നിറഞ്ഞു നിന്നിരുന്ന, എന്നും പൂക്കള്‍ മാത്രം വിരിഞ്ഞിരുന്ന, ഒരു കൊടും ശൈത്യത്തിലും ഇല പൊഴിക്കതിരുന്നിരുന്ന മറ്റൊരു മഹാ വൃക്ഷമാണ് നഷ്ടപ്പെടാന്‍ പോകുന്നത്.
അല്ലെങ്കില്‍ ആ മഹാമേരു ഈ വേനലില്‍ ഇലയും പൂവുകളും, എന്തിനേറെ, സ്വന്തം വേരുകള്‍ പോലും പറിച്ചെറിഞ്ഞ് എന്‍റെ ജീവിതത്തില്‍ നിന്നും ഇറങ്ങി പോകുകയാണ്.
ഞാന്‍ പറയാഞ്ഞിട്ടാണ്, അല്ലെങ്കില്‍ അത് അവിടെ തന്നെ നില്‍ക്കുമായിരുന്നു, പൂക്കളും കായ്കളുമായി.
എന്നാല്‍ അതിനെ പിടിച്ചു നിര്‍ത്താന്‍ മാത്രം ശക്തമല്ല എന്‍റെ മണ്ണ്, അതിനു വളമേകാന്‍ മാത്രം നൈര്‍മല്യത എന്നിലില്ല.
എന്നാലും ഈ മഴ കാണാന്‍, എവിടെയായാലും ഈ മഴയത്ത് നോക്കിനില്‍കാന്‍ നീ വേണമെന്ന് പറയണമെന്നുണ്ട്, അവളും അത് കേള്‍ക്കാന്‍ കാത്തിരിക്കുകയാകണം - ക്രൂരതയായിരിക്കാം- എന്നാലും ഞാന്‍ പറയില്ല.
അതാണെന്‍റെ ക്രൂരതയുടെ ആഴം.
ഉറങ്ങണം, ഉറക്കം വരില്ല,എന്നെ ഉറക്കാന്‍ മാത്രം വീര്യം ഒരു വീഞ്ഞിനുമില്ല. എന്നാലും കിടക്കണം
നളെയും രാവിലെ അലാം ഒരുമണിക്കൂര്‍ സ്നൂസ് ചെയ്യിച്ച്, അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ എഴുന്നേറ്റ്, എന്തൊക്കെ ചെയ്തുവെന്ന് വരുത്തി കുറ്റിയടിച്ചപോലുള്ള ട്രാഫിക്കില്‍ ഡ്രൈവ് ചെയ്ത് ഓഫീസിലെത്തണം, പിന്നെ വൈകിയതിന്‍റെ എക്സ്പ്ലനേഷനായി എന്തെങ്കില്‍ നുണക്കഥ പറഞ്ഞ്, വേദനിക്കുന്നവരുടേയും വേദനയകറ്റുന്നവരുടേയും ലോകത്ത് ഒപ്പ് വെച്ച്, ഉച്ചക്ക് ശേഷം മറ്റൊരു ലോകത്ത് മറ്റൊരു മുഖം മൂടിയുമായി, വൈകീ വീട്ടീലെത്തി....അങ്ങനെ അങ്ങനെ......റൊമാഷ്ക ഇവിടെയുണ്ട് . പേരറിയാപൂമരം ഇതാണ്

Labels: , ,

12 Comments:

Blogger ബിജു വര്‍മ്മ said...

അവളെ വിട്ടുകൊടുക്കരുതെടോ....

പറയാതെ പോയ വാക്കോര്‍ത്ത് പതം പറയാന്‍ ഇട വരുത്താതെ വിളിച്ചു പറയവളെ... പോകരുതെന്ന്.

വേണോ വേണ്ടയോന്ന് വിചാരിച്ചിരുന്നാല്‍, വീഞ്ഞും വോഡ്കയും വിസ്കിയും പോരാതെ വരും, വരും നാളുകളില്‍.

റൊമാഷ്ക ഇല കൊഴിച്ച് വീണ്ടും പൂക്കും, പക്ഷെ, ഒരിക്കല്‍ പോയാല്‍ അവള്‍ തിരികെ വരില്ല.

(ഓഫ് ടോപിക് : കെലിയോവിച്ചിന്റെ കവിതകളിലെ റൊമാഷ്ക പൂ‍മരം തന്നെയല്ലേ ഈ റൊമാഷ്കയും ?)

4:57 AM  
Blogger കണ്ണൂസ്‌ said...

തണുപ്പാ, ക്രൂരതയാണോ അതോ തണുപ്പനായതു കൊണ്ടാണോ?

എന്തായാലും എടുക്കുന്ന തീരുമാനത്തില്‍ പശ്ചാത്താപിക്കാതിരിക്കാന്‍ ഇടവരട്ടെ. ചിലപ്പോഴെങ്കിലും, ശരികള്‍ നമ്മുടേതു മാത്രമാണ്‌. തെറ്റുകള്‍ മറ്റുള്ളവരുടേയും.

9:22 AM  
Blogger പെരിങ്ങോടന്‍ said...

കണ്ണൂസെ അതു ക്രൂരത തന്നെയാണു്. തണുപ്പന്‍ അതു മനസ്സറിഞ്ഞു എഴുതിയതു തന്നെയാവണം, അല്ലെങ്കില്‍ “എന്നാല്‍ അതിനെ പിടിച്ചു നിര്‍ത്താന്‍ മാത്രം ശക്തമല്ല എന്‍റെ മണ്ണ്, അതിനു വളമേകാന്‍ മാത്രം നൈര്‍മല്യത എന്നിലില്ല” എന്നെഴുതുമായിരുന്നില്ല.

2:23 PM  
Blogger ചില നേരത്ത്.. said...

തണുപ്പാ.
രാഗം ആസ്വാദനത്തിന്‍ മാത്രമാണ്.
പ്രണയിക്കുമ്പോള്‍ നാം സുഖദമായൊരു കുളിരനുഭവിക്കുന്നു.
അതവസാനിപ്പിക്കുമ്പോള്‍ വേദനയുടെ നെരിപ്പോടും.
അതും ആസ്വാദനം.
പ്രണയവും വിരഹവും ആസ്വദിക്കൂ.
ആലിംഗനവും അവഗണയും ആസ്വദിക്കൂ.

2:55 PM  
Blogger ആനക്കൂടന്‍ said...

ജീവിതത്തില്‍ ഇഷ്ടമുള്ള പലതും ഉപേക്ഷിക്കേണ്ടി വരും. ഉള്ളില്‍ തട്ടുന്ന എഴുത്തിലൂടെ അറിയുമ്പോള്‍ നമുക്കത് ക്രൂരത ആയി തോന്നും. കാര്യകാരണങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ലാതാകുന്നു.

3:42 PM  
Blogger യാത്രാമൊഴി said...

എന്തായാലും തീരുമാനം തണുപ്പന്റേത്...

ജീവിതത്തില്‍ നിന്നിറക്കിവിടാന്‍, ഇറങ്ങിപ്പോകാന്‍ എളുപ്പമാണു. പക്ഷെ ഓര്‍മ്മകളില്‍ നിന്നിറക്കിവിടാനോ, ഇറങ്ങിപ്പോകാനോ ഒരിക്കലും കഴിയില്ല. ഒരു പക്ഷെ ഓര്‍മ്മകളിലെ ജീവിതമാവും പലര്‍ക്കും പഥ്യം!

5:32 AM  
Blogger Reshma said...

എടുക്കുന്ന തീരുമാനം രണ്ടുപേറ്‌ക്കും നല്ലതിനാവട്ടെ.

നിറയെ വെള്ളപ്പൂക്കളുള്ള പേരറിയാ മരം ചെറി മരമാണോ?
http://www.mccullagh.org/photo/1ds2-5/single-white-cherry-blossom

3:17 PM  
Blogger തണുപ്പന്‍ said...

എന്‍റെ ബ്ലോഗില്‍ വന്ന് വായിച്ചതിനും, ആശ്വസപ്പിച്ചതിനും ഒരുപാട് നന്ദി. വേദനകള്‍ പങ്ക് വെക്കുമ്പോള്‍ കനം കുറയുമെന്ന് പറയുന്നത് വെറുതെയല്ല. ബ്ലോഗുകള്‍ ആഘോഷിക്കപ്പെടുന്ന സ്വകാര്യത തന്നെ!

ബിജു മാഷേ, റൊമാഷ്കയെ ഒരു മരമെന്ന് പറയല്ലേ, അതൊരു കുറ്റിച്ചെടിയാണ്.ത്രിണമെന്നും പറയാം.

കണ്ണൂസേ,ക്രൂരത തന്നെ, ശരികള്‍ നമ്മുടേത് തന്നെ.

പെരിങ്ങോടരെ, ക്രൂരതയെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി അല്ലെ ?

ഇബ്രൂ,ആസ്വദിക്കട്ടെ ഞാന്‍, എരിയുന്ന സുഖം.

ആനക്കൂടാ, ഞാനും കാര്യകാരണങ്ങള്‍ തേടുകയാണ് ഞാനും, വെറുതെ ഒന്ന് ചാരിയിരിക്കാന്‍.

യാത്രാമൊഴീ, ഓര്‍മ്മകളിലെ ജീവിതം പഥ്യമായിട്ടല്ല,നിവര്‍ത്തികേടായാണ്.

രേഷം ടീചറേ, അത് ചെറിമരമല്ല, ചെറിമരം ഒന്ന് എന്‍റെ കിച്ചനില്‍ നിന്നും നോക്കിയാല്‍ പൂത്ത് നില്‍ക്കുന്നത് കാണാം.

11:11 PM  
Blogger മുല്ലപ്പൂ || Mullappoo said...

This comment has been removed by a blog administrator.

1:45 PM  
Blogger മുല്ലപ്പൂ || Mullappoo said...

പറയാന്‍ മറന്നു.... ഇന്നലെ തണുപ്പന്റെ ഈ തണുപ്പന്‍ പോസ്റ്റ്‌ ആയിരുന്നു ഉള്ള്‌ മുഴുവന്‍..

ഇതു പോലെ ഒരു ത്രെഡ്‌ ബ്ലോഗാന്‍ വെച്ചതുകൊണ്ടാവാം

1:49 PM  
Blogger വിശാല മനസ്കന്‍ said...

നല്ല ശൈലി. വെരി നൈസ്.

2:19 PM  
Blogger Vempally|വെമ്പള്ളി said...

Mr. വിശാല്‍ പറഞ്ഞതു തന്നെ ഞാനും പറയുന്നു. വെരി നൈസ്

2:24 PM  

Post a Comment

Links to this post:

Create a Link

<< Home

inblogs.net