Friday, June 02, 2006

മേം ആഗയാ...ഗാഡി ജാഗയാ...

ശ്രീജി ഇങ്ങനെ മണ്ടത്തരമടിച്ച് കുറച്ച് നമുക്കും പകരുന്ന്നുണോ എന്നൊരു സംശയം.

കഴിഞ്ഞാഴ്ച് ഞാനും മാമുവും കൂടി മോസ്കോ പോകാനുള്ള സ്പീഡ് ട്രയിന്‍ മിസ്സാക്കിയത് ഏറ്റവും ഒടുവില്‍.

ആഴ്ചയില്‍ ഒരിക്കല്‍ നുമ്മടെ വയറ്റിപ്പിഴപ്പിന്‍റെ ഭാഗമായി മോസ്കോയില്‍ എത്തണം.അതിന് നുമ്മള്‍ ചെയ്യാറ് രാത്രി സെന്‍റ്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നു പുറപ്പെടുന്ന സ്പീഡ് ട്രയിനുകളിലൊന്നില്‍ വെള്ളിയാഴ്ച രാത്രി കയറിക്കിടക്കും, ശനിയാഴ്ച്ച പുലര്‍ച്ചെ കൃത്യമായി മോസ്കോയില്‍. ഒരു ദിവസം കൊണ്ട് കൊടുക്കേണ്ടതൊക്കെ കോടുക്കേണ്ടവര്‍ക്ക് കൊടുത്ത്, വാങ്ങേണ്ടതൊക്കെ വാങ്ങി, ശനിയാഴ്ച്ച് വൈകീട്ടത്തെ ട്രയിനില്‍ തിരിച്ചിങ്ങോട്ട്. സ്വസ്തം, സുഖം, കൈയില്‍ ചിക്ലി.

ഈ ആഴ്ച മാമുവിനോടും കൂടെ വരാന്‍ പറഞ്ഞു. (ശരിക്കുള്ള പേര് അന്‍വര്‍ തനി കോഴിക്കോടന്‍ ഭാഷയും മുന്‍വശത്ത് തെറിച്ച് നില്‍ക്കുന്ന രണ്ട് പല്ലുകളും മാമു എന്ന സ്ഥാനപ്പേര് പതിച്ച് കൊടുത്തു. എന്‍റെ അസിസ്റ്റന്‍റാണ്.) വെറുതെയല്ല, മോസ്കോയിലെ കാര്യങ്ങളൊക്കെ ഒന്ന് കാണിച്ച് കൊടുത്താല്‍ ഇനിയങ്ങോട്ട് അവനെ വിടാമല്ലോ എന്ന ദുരുദ്ദേശവുമുണ്ടായിരുന്നു. മാമു പൊതുവേ വെളറിയാണ്.(വെളറിയെന്ന വാക്ക് ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയുടെ മലപ്പുറം എഡിഷനിലുണ്ട്,മറ്റ് എഡിഷനുകളിലുണ്ടോ എന്നറിയില്ല, അറിയാത്തവരുടെ അറിവിലേക്കായി = ടെന്‍ഷന്‍ കുമാര്‍ ). മാമുവിന്‍റെ വെറളി കണ്ട് ആസ്വദിച്ച് ചിരിച്ച്, നുമ്മളിങ്ങനെ അഹങ്കാരത്തോടെ മാമുവിനോട് പറഞ്ഞ് നടക്കുകയാണ്.

“ഓ.. റയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കാനോ ? നോ നോ...ബോറിങ്ങ്.കറക്ട് ടൈമില്‍ എത്തുക, കൂളായി ട്രയിനില്‍ കയറിപ്പോകുക. ക്രൂതോ(എന്ന് വെച്ചാല്‍ റഷ്യനില്‍ അടിപൊളീ.)

അങ്ങനെ രണ്ട് പേരും മസ്കോവ്സ്കി വോക്സാലില്‍(മോസ്കോ ഡയറക്ഷനിലുള്ള ട്രയിനുകള്‍ പുറപ്പെടുന്ന റയില്‍വേ സ്റ്റേഷന്‍) എത്തി. ട്രയിന്‍ 00.38 ന്. സമയം 00.30. മാമു തിരക്ക് കൂട്ടാന്‍ തുടങ്ങി.

“ഹെയ്, സില്ലി ബോയ്, നിനക്കിതൊന്നും ശരിക്കറിയാഞ്ഞിട്ടാണ്.നുമ്മളിതെത്ര കണ്ടതാ,കൊക്കെത്ര കുളം കണ്ടതാ ,കുളമെത്ര.......(?) .എട്ട് മിനിറ്റൊക്കെ മോര്‍ ദാന്‍ ഇനഫ്“.

നുമ്മള്‍ റെയില്‍വേ സ്റ്റേഷനിലെ കൊച്ച് കിയൊസ്കില്‍ നിന്നും ഓരോ മിനറല്‍ വാട്ടറും വിശക്കുമ്പോള്‍ ട്രയിനില്‍ ഫ്രീയായിക്കിട്ടുന്ന ചൂടുവെള്ളമൊഴിച്ച് ഇന്‍സ്റ്റന്‍റായി കൂക് ചെയ്ത് തിന്നാന്‍ ഓരൊ ‘ബിഗ് ലഞ്ചും’(അത്ര ബിഗൊന്നുമല്ലെന്നേ, നമ്മുടെ സാദാ നൂഡില്‍സ് ഒരു വലിയ പെട്ടിയിലിട്ടതാണ്) വാങ്ങി പതുക്കെ പതുക്കെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു.

“മോനേ ദിനേശാ... ഇങ്ങളൊന്നു വേഗം നടന്നാട്ടെ“ മാമു.
“നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്“ നുമ്മള്‍

അങ്ങനെ ഞങ്ങള്‍ പ്ലാറ്റ്ഫോമിലെത്തി. നിരനിരയായി നിര്‍ത്തിയിട്ടിരുക്കന്ന ട്രയിനുകള്‍, ടാബ്ലൊയില്‍ നോക്കി നുമ്മടെ ട്രയിന്‍ അഞ്ചാമതെ പ്ലാറ്റ്ഫോമിലാണെന്ന് മനസ്സിലാക്കി, വാഗണ്‍ നമ്പര്‍ 6.

00.36 ഞങ്ങള്‍ പ്ലാറ്റ്ഫോം നമ്പര്‍ 5ല്. ഇടത്ത് വശത്തും വലത്ത് വശത്തും ഓരോ ട്രയിനുകള്‍, രണ്ടും മോസ്കോയിലേക്ക്.
“ഇക്കാ.. ഏതാ നമ്മുടെ ട്രയിന്‍ ?“ മാമു

നുമ്മള്‍ ഒരുമിനുട്ട് ആലോചിച്ചു. 5 മത്തെ പ്ലറ്റ്ഫോം എന്ന് കൃത്യമായിത്തന്നെ നോക്കി. ലേവാ പ്രാവ (ലെഫ്റ്റ് ഓര്‍ റൈറ്റ്) എന്ന് നോക്കാന്‍ മറന്ന് പോയിരുന്നു, അല്ലെങ്കില്‍ നോക്കിയത് മറന്നിരുന്നു.

ശ്രീജിത്തായ നമഃ എന്ന് മനസില്‍ ജപിച്ച്, കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്ന സിദ്ധാത്തില്‍ ആഞ്ഞ് പിടിച്ച് പറഞ്ഞു .

“-ലെഫ്റ്റ്.“

ലെഫ്റ്റ് സൈഡില്‍ 6ആമത്തെ വാഗണിന്റ്റെ വാതില്‍ക്കല്‍ ടിക്കറ്റ് എക്സാമിനര്‍ സുന്ദരി ടിക്കറ്റൊക്കെ വാങ്ങി പരിശോധിച്ച്, നല്ല ഒരു ചിരിയും ഫിറ്റ് പറയാറുള്ള ‘പഷ്ഴാല്യൂസ്ത വ് ബര്‍ത്തു‘ വിന് ചെവികൂര്‍പ്പിച്ചിരിക്കുകയാരിന്നു ഞാന്‍,(എന്ന്വച്ചാല്‍ വെല്‍ക്കം റ്റൂ ദ് ബോര്‍ഡ്) .

ഓ...നുമ്മളിതൊക്കെ എത്ര കണ്ടതാ.....

ടിക്കറ്റ് എക്സാമിനര്‍ സുന്ദരിയുടെ ചിരി അവിടത്തന്നെ ഉണ്ടായിരുന്നു.ഒരു തരം ആളെ കോഴിയാക്കുന്ന ചിരി.പക്ഷെ പറഞ്ഞത് മറ്റൊന്നായിരുന്നു.

“ദേണ്ടേ പോണ് നിങ്ങളുടെ ട്രയിന്‍ റൈറ്റ് സൈഡിലൂടെ”

നാട്ടിലെ ട്രയിനായിരുന്നെങ്കില്‍ ഓടിക്കായറാമായിരുന്നു. ഈ പഹയരോ, ട്രയിന്‍ പോകും മുമ്പേ എല്ലാ വാതിലും അടച്ച് കുറ്റിയിട്ട് കളയും.

“മോനേ ദിനേശാ....നമ്മളിനി എന്തു ചെയ്യും ?“ മാമു
“......” നുമ്മള്‍
“നമ്മളിനി എങ്ങനെ പോകും?” മാമു
“മിണ്ടാതിരിയെടാ.....“

അനന്തര ഫലം:

ടിക്കറ്റ് വില 950 റൂബിള്‍(ഏകദേശം 35 ഡോളര്‍) ട്രയിന്‍ പോയശേഷം ടിക്കറ്റ് റീഫണ്ട് ചെയ്തപ്പോള്‍ തിരിച്ച് തന്നത് - വെറും 100 റൂബിള്‍. അതിന്‍റെ ശേഷമുള്ള ട്രയിനുകളിലൊന്നിലും ടിക്കറ്റുണ്ടായിരുന്നില്ല. തിരിച്ച് വീട്ടില്‍ പോകാന്‍ ടാക്സി നോക്കിയപ്പോള്‍ ഒരു രക്ഷയുമില്ല, പാലങ്ങളെല്ലാം തുറന്നിരിക്കുകയാണ്. 3 മണിക്ക് ഏതോ ഒരു പാലം അടക്കും.നേരേ പോകേണ്ട പാലത്തിന് പകരം വളഞ്ഞ് ചെന്ന് മൂക്കില്‍ പിടിച്ച് പിന്നെ പാലം കയറ്റി വീട്ടിലെത്തിച്ച് തന്നതിന് ടാക്സികാരന് കൊടുത്തത് മൂന്നിരട്ടി. രാവിലെ പത്തില്‍ കൂടൂതല്‍ ഫ്ലൈറ്റുകള്‍ മോസ്കോയിലേക്ക് പോകുന്നുണ്ട്. ഒന്നിലും ഈയുള്ളവന് ഒര് കസേരയിട്ടിരിക്കാന്‍ പോലും സ്ഥലമില്ല. ഒരു തരത്തില്‍ ഉച്ചക്ക് ഒരുമണിക്കുള്ള ട്രയിനില്‍ ഒരു പത്ത് സെന്‍റ് ഒപ്പിച്ചെടുത്ത് രാത്രി എട്ട് മണിക്ക് മോസ്കോയിലെത്തി. അബദ്ധം ആദ്യം തന്നെ അറിയിച്ചിരുന്നതിനാല്‍ ആപ്പീസില്‍ സണ്ണി (നമ്മുടേ മോസ്ക്കോ കൌണ്ടര്‍ പാര്‍ട്ട്) കാത്തിരുന്നിരുന്നു. രാത്രി 3മണിവരെ അപ്പീസില്‍ കുത്തിയിരുന്ന് ശനിയാഴ്ച രാത്രിയില്‍ സ്വസഥമായുറങ്ങുന്നവരെയൊക്കെ വിളിച്ചുണര്‍ത്തി കാര്യങ്ങളൊക്കെ ശരിയാക്കി, ഞായറാഴ്ചത്തെ ട്രയിനില്‍ തിരിചെത്തി.

നഷ്ടം:

പണം-
എണ്ണുന്നില്ല, തല കറങ്ങും.

ഗുഡ് വില്‍‍-
ഇവന്മാര്‍ക്കൊന്നും ഇത്രക്ക് വിവരമില്ലേ ? (ടിക്കറ്റ് എക്സാമിനര്‍ സുന്ദരി)
ഇവനെന്ത് പോത്തനാ ? (സണ്ണി കരുതി ക്കാണണം)
മൂപ്പരെപ്പറ്റി നമ്മളിങ്ങനെയൊന്നുമല്ല കരുതിയിരുന്നത് (മാമു)

സമയം-
ഒരു ഫ്രീ ഞായറാഴ്ച. ആ ഞായറാഴ്ചയായിരുന്നു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍റെ കള്‍ച്ചറല്‍ പ്രോഗ്രാം.
.

Labels:

6 Comments:

Blogger ബിന്ദു said...

ഏതായാലും പറ്റിയ ശ്രീജിത്തരം ഇവിടേ വിവരിച്ചതു നന്നായി. :)

7:52 AM  
Blogger ശ്രീജിത്ത്‌ കെ said...

തണുപ്പന്‍ മത്സരത്തിനിറങ്ങിയതാണോ? മണ്ടത്തരം ഇങ്ങനെപോയാല്‍ ഒരു ഗോമ്പറ്റീഷന്‍ ഐറ്റം ആകുമല്ലോ. ഈശ്വരാ, എന്റെ നല്ലപേര് ഇനി ഞാന്‍ എങ്ങിനെ നിലനിര്‍ത്തും.

എന്നാലും ശ്രീജിത്തരം എനിക്ക് ബോധിച്ചു. ഇന്ത്യയ്ക്ക് വെളിയില്‍ ഇത് വരെ എനിക്ക് ഒരു മണ്ടത്തരം കാണിക്കാന്‍ പറ്റിയിട്ടില്ല. തണുപ്പന്‍ എന്റെ പേര് ഇന്റര്‍നാഷണല്‍ ആക്കി. തൃപ്തിയായി. എനിക്ക് തൃപ്തിയായി.

പറയാന്‍ മറന്നു. കഥ എനിക്കിഷ്ടപെട്ടു. നന്നായി വിവരിച്ചിരിക്കുന്നു. ഒരു മണ്ടനെ പരിചയപ്പെടുക എന്ന മണ്ടത്തരം കാണിക്കാന്‍ മടിയില്ലെങ്കില്‍ എന്നെ ജി‌-ടോക്കില്‍ ചേര്‍ക്കൂ. sreejithk2000 എന്നതാകുന്നു എന്റെ ഐഡി.

1:17 PM  
Blogger കലേഷ്‌ കുമാര്‍ said...

തണുപ്പോ, നന്നായിട്ടുണ്ട് അവതരണം!
:))

5:10 PM  
Blogger വക്കാരിമഷ്‌ടാ said...

തണുപ്പ്‌സ്... ഇതിപ്പൊഴാ വായിച്ചത്. നല്ല വിവരണം. ബ്ലോഗില്‍ ഒരുമാതിരിപ്പെട്ടവരൊക്കെ ബുദ്ധിയുള്ള രാക്ഷസന്മാരായതുകാരണം (അതെന്താ രാക്ഷസന്മാര്‍ക്കു മാത്രമേ ഉള്ളൂ, ബുദ്ധീ) പാവം മണ്‍‌ജിത്തിങ്ങിനെ വിഷമിച്ചിരിക്കുകയായിരുന്നു (ശ്രീജിത്തെന്താ രാക്ഷസനല്ലേ).

റഷ്യന്‍ പടങ്ങള്‍ പോരട്ടെ. റഷ്യയെപ്പറ്റി അധികമൊന്നും അറിയില്ല. തണുപ്പനാകട്ടെ മല്‍‌ബ്ലോഗ് അസുവസിയഷന്റെ റഷ്യന്‍ അമ്പാസിഡറോ, പ്രീമിയറോ, മാരുതിയോ എന്തുവേണമെങ്കിലും.

12:29 PM  
Anonymous കൂമന്‍ | the owl said...

തണുപ്പാ. അടിപൊളിയായിട്ടുണ്ട്‌ തന്റെ മോസ്കോ യാത്രാവിവരണവും പിലാശിന്റെ കവിതയും മറ്റും മറ്റും. (ഓഫീസിലിരുന്ന് ഈ പഹന്മാരുടെയൊക്കെ ബൂലോഗങ്ങള്‍ വായിച്ചു വായിച്ചു എന്റെ തൊപ്പി തെറിക്കാതിരിക്കട്ടെ.)

6:34 PM  
Blogger koomandan said...

hai thanuppan ente peru koomandan.nan keralathil ninnulla oru vidhyarthi aanu."mathrubhumiyil" ningaluteyokke blog visheshangal kandu.attu kandu thathpariyamayi nanum oru blog thudangi"koomandan.blogspot.com"
ee blog dayavayi sandarshikkuka.nan oru thudakka karananu.atukondu thettukal undakam.ningal kshamikkuka. aashamsakal....

9:42 AM  

Post a Comment

Links to this post:

Create a Link

<< Home

inblogs.net