Monday, August 07, 2006

ഉന്മാദത്തില്‍

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങളില്‍ മരവിച്ചിരുന്നതും, പിന്നെ വൈകിപ്പോയെന്നറിഞ്ഞപ്പോള്‍ അലറി വിളിച്ച് സംഹാരിയായതുമത്രേ അയാളുടെ രോഗം. ഓരോ മിഴികളിലും ഓരോ നിറങ്ങളിലും കറുപ്പ് പടര്‍ന്നതങ്ങിനെയത്രേ.. അഴികളില്‍ മുഖമമര്‍ത്തിയുള്ള തേങ്ങലുകളില്‍ അതും പുലമ്പിക്കൊണ്ടിരുന്നു.

അബാസ്കസിന്‍റെ മുത്ത് മണികള്‍ മുകളിലേക്കും താഴോട്ടുമാക്കി അയാള്‍ കണക്ക് കൂട്ടുകയായിരുന്നു.ഇടക്കെപ്പോഴോ ബോധം സ്വന്തമെന്ന് തോന്നിയപ്പോള്‍ അഴിയിട്ട വാതിലില്‍‍ മുഖമമര്‍ത്തി തേങ്ങി.

“ഏയ്, തനിക്കിതാ ഒരു ഫോണ്‍കോള്‍“

ഒടിയടുക്കുമ്പോള്‍ അയാളുടെ മനസ്സില്‍ എന്തായിരുന്നാവോ..

അല്ലെങ്കിലും ഓടാനിവിടെ ഇടമെവീടേ? പഴുത്ത മൂവാണ്ടന്‍ മാങ്ങ വീണളിഞ്ഞ തൊടിയല്ലല്ലൊ..
കുറുകിയ പാവാടയിട്ട നേഴ്സമ്മ അഴിയിട്ട വാതില്‍ തുറക്കുംകാലം വരെ ഇരുപത്തിനാല് മീറ്റര്‍ സ്ക്വയര്‍ സമചതുരത്തിന്‍റെ സ്വാതന്ത്ര്യത്തിലൊതുങ്ങിയല്ലോ അയാളുടെ ലോകം.

നേഴ്സമ്മയെ അയാളിഷ്ടപ്പെടുന്നതും തെറിവിളിക്കാത്തതും തുറക്കാത്ത പൂട്ടിനപ്പൂറത്തെ സ്വാതന്ത്ര്യത്തെ ഭയന്നാണ്.മറിച്ച് കാസപ്പിഞ്ഞാണത്തില്‍ വിളമ്പിത്തരുന്ന ഗുളികള്‍ സമ്മാനിക്കുന്ന സുഷുപ്തിയിലും മറവിയിലും മയങ്ങിയല്ലേ?

“ഏയ്,തനിക്കിതാ ഒരു ഫോണ്‍കോള്‍, താനെന്താടോ ഒന്നും മിണ്ടാത്തേ?”

അയാള്‍ക്കങ്ങിനെ ഒരു ഫോണ്‍ വരില്ലെന്നുറപ്പാണ്. ഒരു സഹവാസിയുടെ ജല്‍പനങ്ങള്‍‍...സഹവാസിക്ക് ഭ്രാന്താണോ?

“അമ്മേ, എന്നെ വെറുതെയൊന്ന് ഉണ്ണീന്ന് വിളിച്ചൂടേ?
ഏയ്, ഞാനില്ല,ഇപ്പോ നേഴ്സമ്മവരും,എന്നിട്ട് ഉറക്കം നിറച്ച സൂചിവെക്കും.
അമ്മേ, എനിക്കുറങ്ങണം, എനിക്ക് സൂചിവേണ്ട, ഒര് താരാട്ട് പാടിത്തര്വോ..?”

ഓരോ മിഴികളിലും ഓരോ നിറങ്ങളിലും കറുപ്പ് പടര്‍ന്നതെങ്ങിനെയാണെന്നയാളറിഞ്ഞു,വീണ്ടും അഴികളില്‍ മുഖമമര്‍ത്തി.

Labels: , ,

12 Comments:

Blogger തണുപ്പന്‍ said...

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട അവസരങ്ങളില്‍ മരവിച്ചിരുന്നതും, പിന്നെ വൈകിപ്പോയെന്നറിഞ്ഞപ്പോള്‍ അലറി വിളിച്ച് സംഹാരിയായതുമത്രേ അയാളുടെ രോഗം.

7:49 AM  
Blogger bodhappayi said...

തണുപ്പാ, നല്ല കരുത്തുള്ള എഴുത്ത്. ഇവിടെ വിവരിച്ച ഉന്മാദിയെ നേരിട്ടു കാണുന്നതുപോലെ.

10:00 AM  
Blogger കണ്ണൂസ്‌ said...

തണുപ്പാ, നന്നായിരിക്കുന്നു.

ഈ ഒരവസ്ഥ വിഷ്വലൈസ്‌ ചെയ്യുന്നത്‌ എപ്പോഴും സങ്കടപ്പെടുത്തുന്ന കാര്യമാണ്‌. ആരേയും ദൈവം അങ്ങിനെ ആക്കാതിരിക്കട്ടെ.

1:04 PM  
Blogger രാജ് said...

ഉന്മാദത്തിന്റെ, അതുയര്‍ത്തുന്ന വിഹ്വലതയുടെ നിഴല്‍, ആ നിഴല്‍ പടര്‍ത്തുന്ന എല്ലാം മായ്ക്കുന്ന കറുപ്പു്.

2:51 PM  
Blogger കുറുമാന്‍ said...

മനോഹരമായി എഴുതിയിരിക്കുന്നു തണുപ്പാ.....

പെരിങ്ങോടന്റെ ഒരു കഥ ഓര്‍മ്മ വന്നു ഇതു വായിച്ചപ്പോള്‍

3:01 PM  
Blogger മുസാഫിര്‍ said...

മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍...
എന്ന പാട്ടു ഓര്‍മ്മ വരുന്നു,ഇതു വായിച്ചപ്പോള്‍.

3:57 PM  
Blogger ഫാര്‍സി said...

ഈ കഥയിലെ ‘ഉന്മാദിയെ’ ഞാനറിയും.....അവനെ ഉന്മാദത്തില്‍ നിന്നും വിളിച്ചുണര്‍ത്തി യാഥാര്‍ത്യം കാണിച്ചു കൊട്....കാര്യങ്ങള്‍ പടിക്കട്ടെ.

5:06 PM  
Blogger ഇടിവാള്‍ said...

നന്നായി എഴുതിയിരിക്കുന്നു തണുപ്പാ..

5:27 PM  
Blogger സ്നേഹിതന്‍ said...

അഴികള്‍ക്കും, ഉറക്കം നിറച്ച സൂചിയ്ക്കും പിന്നില്‍ മയങ്ങി കിടക്കുന്ന ഉന്മാദത്തെ ഭംഗിയായി എഴുതിയിരിയ്ക്കുന്നു.

12:30 AM  
Blogger തണുപ്പന്‍ said...

അരവിന്ദേട്ടന്‍ പറഞ്ഞ പോലെ അടുത്ത കാലത്തായി എനിക്കും ബൂലോഗത്തോട് ഒരു അപരിചിതത്വം തോന്നിത്തുടങ്ങിയിരിക്കുന്നു.പഴയ ബൂലോഗമില്ലിപ്പോള്‍, അത് വളര്‍ന്ന് പന്തല്ലിച്ച്,വടവേരുകളിറങ്ങിയ ഒരു മഹാവൃക്ഷമായി മാറിയിരിക്കുന്നു.പുതിയ വേരുകളത്രയും അതിശക്തമായവ.വായില്‍ തോന്നിയതെന്തും എഴുതിപ്പിടിപ്പിക്കാന്‍ ജാള്യം തോന്നുന്നു..ബ്ലോഗുകളില്‍ കമന്‍റുകള്‍ എഴുതാന്‍ തുനിയുമ്പോള്‍ മനസ്സില്‍ വന്നത് മറ്റാരൊ പറഞ്ഞ് കഴിഞ്ഞെന്നറിഞ്ഞ് കമന്‍റാതിരിക്കുമ്പോള്‍ വീണ്ടും ജാള്യം...

പേരെടുത്ത് പറയുന്നില്ല,പഴയോരും പുതിയോരുമായി എല്ലാവര്‍ക്കും എന്‍റെ ബ്ലോഗിലെത്തിയതിനും വായിച്ചതിനും കമന്‍റിയതിനും നന്ദി.
ഫാര്‍സിക്കറിയാവുന്ന,പകലുകള്‍ ഇവിടെക്കിടന്നുറങ്ങിത്തീര്‍ക്കുന്ന, ആ ഉന്മാദിക്ക്.(അവന്‍ ഒരു ഭ്രാന്തനല്ല) വെളിച്ചം കാണിച്ച് കൊടുക്കാനിവുന്നില്ലല്ലോ എന്ന വേദനയാണ് ഞാനെഴുതിയത്.അതിലേറെ മിക്കവാറും പുലര്‍ച്ചകളില്‍ അലാറത്തിനും മുന്നേ എന്നെ വിളിച്ചുയര്‍ത്തുന്ന ഒരമ്മയുടെ തേങ്ങളുകളടക്കം ചെയ്ത് ഫോണ്‍ കോളുകളാണത്.
എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ സംതൃപ്തി തോന്നീയിട്ടില്ല.

8:17 AM  
Blogger bodhappayi said...

തണുപ്പാ... കാലം കുറേ ആയല്ലോ ഓണ്‍‍ലൈന്‍ കണ്ടിട്ടു. ചികിത്സിച്ച രോഗികള്‍ ആരെങ്കിലും തട്ടിപ്പോയി സൈബീരിയയിലേക്കു നാടുകടത്തിയോ... :)

9:57 AM  
Blogger Durga said...

nalla ezhuth~!:)

9:22 AM  

Post a Comment

<< Home

inblogs.net